സിഡ്നി തണ്ടറിനോട് തോറ്റ് കീഴടങ്ങിയ പെര്‍ത്ത് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് തന്നെ. ഷോണ്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 181/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയെങ്കിലും മാര്‍ഷിന്റെ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി കാല്ലം ഫെര്ഗൂസണ് മത്സരം തണ്ടറിനു അനുകൂലമാക്കുകയായിരുന്നു. 4 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സിഡ്നി തണ്ടര്‍ മറികടക്കുകയായിരുന്നു.
55 പന്തില്‍ 5 വീതം ബൗണ്ടറിയും സിക്സും നേടി ഷോണ്‍ മാര്‍ഷ് 95 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മിച്ചല്‍ മാര്‍ഷ്(31), ഹിള്‍ട്ടണ്‍ കാര്ട്റൈറ്റ്(20) എന്നിവരുടെയും മികവില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സ് 4 വിക്കറ്റിന്റെ നഷ്ടത്തില്‍ 181 റണ്‍സ് നേടി. നിക്ക് ഹോബ്സണ്‍ പുറത്താകാതെ 15 റണ്‍സ് നേടി നിന്നു. ക്രിസ് ഗ്രീനിനു രണ്ടും ഗുരീന്ദര്‍ സന്ധു, നഥാന്‍ മക്ആന്‍ഡ്രൂ എന്നിവര്‍ ഓരോ വിക്കറ്റും സിഡ്നിയ്ക്കായി നേടി.
എന്നാല്‍ ഇവരെ വെല്ലുന്ന ബാറ്റിംഗ് പ്രകടനമാണ് കാല്ലം ഫെര്‍ഗൂസണും ഓപ്പണര്‍ മാത്യൂ ഗില്‍ക്സും നേടിയത്. അവസാനത്തോടടുത്ത് തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ജയം ഉറപ്പാക്കി കാല്ലം ഫെര്ഗൂസണ് പുറത്താകാതെ നിന്നു. 53 പന്തില്‍ നിന്ന് 113 റണ്‍സ് നേടി ഫെര്ഗൂസണ് 8 വീതം ബൗണ്ടറിയും സിക്സും നേടുകയായിരുന്നു.
മാത്യൂ ഗില്‍ക്സ് 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടി. 120 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് സിഡ്നി തണ്ടറിന്റെ വിജയത്തിനു അടിത്തറയായത്. 138/1 എന്ന നിലയില്‍ നിന്ന് 151/4 എന്ന നിലയിലേക്ക് സിഡ്നി വീണെങ്കിലും ഫെര്‍ഗൂസണിന്റെ ഇന്നിംഗ്സ് മത്സരം മാറ്റി മറിച്ചു. 48 പന്തില്‍ നിന്നാണ് ഫെര്ഗൂസണ് തന്റെ ശതകം പൂര്‍ത്തിയാക്കിയത്.