തിരുവനന്തപുരം കൊമ്പൻസിനെ 4-1 ന് തകർത്ത് കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പോയൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി മുഹമ്മദ് റിയാസ്, അബ്ദുൽ ഹക്കു, ഏണസ്റ്റ് ബർഫോ,
ബെൽഫോർട്ട് എന്നിവരും കൊമ്പൻസിനായി ബ്രസീലുകാരൻ ഡവി കൂനും സ്കോർ ചെയ്തു. ആദ്യ പകുതിയിൽ കാലിക്കറ്റ് 3-0 ന് മുന്നിലായിരുന്നു. ആറ് കളിയിൽ 10 പോയൻ്റുള്ള കാലിക്കറ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തും ആറ് കളിയിൽ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്.
ഗോൾ മേളം
സെനഗൽ താരം പപ്പെ അബ്ദുല്ലായേവിനെ പ്രതിരോധത്തിലും ഘാനക്കാരൻ ഏണസ്റ്റ് ബർഫോയെ മുന്നേറ്റ നിരയിലും അണിനിരത്തിയാണ് കാലിക്കറ്റ് ഇന്നലെയിറങ്ങിയത്. 4-3-3 ശൈലിയിൽ നാല് ബ്രസീൽ താരങ്ങളെ ആദ്യ ഇലവനിൽ കൊണ്ടുവന്ന് പാട്രിക് മോട്ടയുടെ നായകത്വത്തിൽ കൊമ്പൻസും കളത്തിലെത്തി.
സൂപ്പർ സൺഡേയിൽ ഗ്യാലറി നിറഞ്ഞെത്തിയ പതിനായിരത്തോളം കാണികളെ സാക്ഷിനിർത്തി നാലാം മിനിറ്റിൽ കാലിക്കറ്റ് താരം ബെൽഫോർട്ട് നടത്തിയ ഗോൾശ്രമം ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. നിരന്തരം ആക്രമിച്ചു കളിച്ച കാലിക്കറ്റ് പന്ത്രണ്ടാം മിനിറ്റിൽ ലീഡെടുത്തു. ഗനി നിഗം എടുത്ത ഫ്രീകിക്ക് തോയ് സിംഗ് പോസ്റ്റിന് മുന്നിലേക്ക് മറിച്ചുനൽകി. കൃത്യം പൊസിഷനിൽ എത്തിയ മുഹമ്മദ് റിയാസിൻ്റെ ഹെഡ്ഡർ കൊമ്പൻസ് പോസ്റ്റിൽ 1-0. ഇരുപതാം മിനിറ്റിൽ കാലിക്കറ്റ് ലീഡുയർത്തി. ഗനി നിഗനിൻ്റെ കോർണറിന് നായകൻ അബ്ദുൽ ഹക്കുവിൻ്റെ ഉയർന്നു ചാടിയുള്ള ഹെഡ്ഡർ 2-0. ഇരുപത്തിയെട്ടാം മിനിറ്റിൽ ഗനി നിഗമിൻ്റെ ഡയറക്ട് ഫ്രീകിക്ക് കൊമ്പൻസിൻ്റെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ആദ്യ പകുതിയുടെ അവസാന സമയത്ത് ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ കൊമ്പൻസ് കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് മൂന്നാം ഗോളും നേടി. തോയ് സിംഗ് വലത് വിംഗിലൂടെ മുന്നേറി നൽകിയ ക്രോസ് റിയാസ് മനോഹരമായി മൈതാനത്തേക്ക് ഇറക്കി നൽകി. ഘാനക്കാരൻ ഏണസ്റ്റ് ബർഫോയുടെ ആങ്കുലർ ഷോട്ട് ആതിഥേയരുടെ വലയിൽ 3-0.
ഒപ്പത്തിനൊപ്പം
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിഷ്ണു, വൈഷ്ണവ് എന്നിവരെ കൊമ്പൻസും ബ്രിട്ടോയെ കാലിക്കറ്റും പകരക്കാരായി കൊണ്ടുവന്നു. നാല്പത്തിയാറാം മിനിറ്റിൽ പത്താം നമ്പർ ബ്രസീൽ താരം ഡവി കൂനിലൂടെ കൊമ്പൻസ് ഒരു ഗോൾ തിരിച്ചടിച്ചു 3-1. എന്നാൽ അൻപത്തിയൊൻപതാം മിനിറ്റിൽ ബെൽഫോർട്ടിൻ്റെ ഗോൾ കാലിക്കറ്റിൻ്റെ ലീഡുയർത്തി 4-1. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ച രണ്ടാം പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. ആദ്യ പാദത്തിൽ കാലിക്കറ്റും കൊമ്പൻസും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മത്സരമില്ല. ബുധനാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും. കൊച്ചിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറം എഫ്സി 2-0 ന് ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചിരുന്നു.