ഓസ്ട്രേലിയൻ ഇതിഹാസ സ്ട്രൈക്കർ ടിം കാഹിലിന്റെ ഐ എസ് എല്ലിലേക്കുള്ള വരവ് അങ്ങനെ ഔദ്യോഗികമായി. ഇന്ന് താരം ജംഷദ്പൂരുമായി കരാറിൽ ഒപ്പുവെച്ചു. മാഡ്രിഡിൽ പ്രീസീസൺ ടൂറിൽ ഉള്ള ടീമിനൊപ്പം ചേർന്നാണ് കാഹിൽ കരാറിൽ ഒപ്പുവെച്ചത്. ജംഷദ്പൂരിന്റെ ഇതുവരെ ഉള്ള മികച്ച സൈനിംഗ് എന്നതിനപ്പുറം ഐ എസ് എല്ലിൽ ഇതുവരെ വന്ന ഫുട്ബോൾ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിലേക്കും കാഹിലിന്റെ പേർ ചേർക്കപ്പെടും.
ഈ കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയക്കായി ഈ വെറ്ററൻ താരം ഇറങ്ങിയിരുന്നു. ജംഷദ്പൂരിൽ ചേരുന്നതിൽ സന്തോഷവാനാണ് എന്നും ക്ലബുമായി സംസാരിച്ച് ക്ലബിന്റെ ലക്ഷ്യങ്ങളിൽ തൃപ്തി തോന്നിയതു കൊണ്ടാണ് കരാർ ഒപ്പിട്ടത് എന്നും കാഹിൽ പറഞ്ഞു. തനിക്ക് പിച്ചിലും പിച്ചിന് പുറത്തും ടീമിനെ സഹായിക്കാൻ കഴിയുമെന്ന് ഉറപ്പ് ഉണ്ടെന്നും തന്റെ പരിചയസമ്പത്ത് അതിന് തന്നെ സഹായിക്കുമെന്നും കാഹിൽ പറഞ്ഞു.
ഇന്ത്യയിലെ കുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ പ്രചോദനം നൽകാൻ തനിക്ക് ആകണമെന്നും കാഹിൽ പറഞ്ഞു. താരം അടുത്ത ദിവസം തന്നെ ക്ലബിനൊപ്പം പരിശീലനം ആരംഭിക്കും.