ജർമ്മൻ ക്ലാസിക്കോയിൽ ബയേണിനെ സമനിലയിൽ പിടിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ഡോർട്ട്മുണ്ട് അവസാന നിമിഷങ്ങളിൽ ഇരു ഗോളും തിരിച്ചടിച്ചു ആണ് സമനില നേടിയത്. പന്ത് കൈവശം വക്കുന്നതിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ഡോർട്ട്മുണ്ട് ആയിരുന്നു. 33 മത്തെ മിനിറ്റിൽ ജമാൽ മുസിയാലയുടെ പാസിൽ നിന്നു ലിയോൺ ഗോർടെസക ബയേണിനു ആദ്യ ഗോൾ സമ്മാനിച്ചു.
തുടർന്ന് മികച്ച ഫോമിലുള്ള ലിറോയ് സാനെ 53 മത്തെ മിനിറ്റിൽ ബയേണിനു രണ്ടാം ഗോൾ സമ്മാനിച്ചു. പകരക്കാരായി കരിം അദയെമി, ആന്റണി മോഡസ്റ്റെ എന്നിവർ വന്നതോടെ ഡോർട്ട്മുണ്ട് കൂടുതൽ അപകടകാരികൾ ആയി. 74 മത്തെ മിനിറ്റിൽ നാലു മിനിറ്റ് മുമ്പ് ഇറങ്ങിയ മോഡസ്റ്റെയുടെ പാസിൽ നിന്നു യുവതാരം യൂസുഫ മൗകോക ഡോർട്ട്മുണ്ടിന് ആയി ഒരു ഗോൾ മടക്കി. 83 മത്തെ മിനിറ്റിൽ ലഭിച്ച സുവർണ അവസരം മോഡസ്റ്റെ അവിശ്വസനീയം ആയ വിധം പാഴാക്കിയപ്പോൾ ഡോർട്ട്മുണ്ട് തലയിൽ കൈവച്ചു.
90 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട കിങ്സ്ലി കോമാൻ പുറത്തായതോടെ ബയേൺ 10 പേരായി ചുരുങ്ങി. ജയം ഉറപ്പിച്ച ബയേണിനെ 95 മത്തെ മിനിറ്റിൽ മോഡസ്റ്റെ നൽകിയ ഗോളിൽ ഡോർട്ട്മുണ്ട് സമനില പിടിച്ചു. നികോ സ്കോളോറ്റർബെക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ആണ് മോഡസ്റ്റെ ഗോൾ നേടിയത്. നിലവിൽ ലീഗിൽ ബയേൺ മൂന്നാമതും ഡോർട്ട്മുണ്ട് നാലാമതും ആണ്.