ബുണ്ടസ് ലീഗയിൽ വിജയഗാഥ ആവർത്തിച്ച് ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബയേൺ യൂണിയൻ ബെർലിനെ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി റോബർട്ട് ലെവൻഡോസ്കിയും ബെഞ്ചമിൻ പവാർദും ഗോളടിച്ചു. ഈ സീസണിലെ 40 അം ഗോളാണ് ലെവൻഡോസ്കി ഇന്ന് നേടിയത്. ബുണ്ടസ് ലീഗയിലെ 26 ആം ഗോളും.
ഇന്നത്തെ ജയത്തോട് കൂടി പോയന്റ് നിലയിൽ നാല് പോയന്റ് ലീഡ് ബയേൺ നിലനിർത്തി. തോമസ് മുള്ളറിലൂടെ കളിയുടെ തുടക്കത്തിൽ തന്നെ ബയേൺ ലീഡെടുത്തേനെ. എങ്കിലും എങ്കിലും ഓഫ്സൈടാണെന്ന് റഫറി വിധിച്ചു. പിന്നീട് ആദ്യ പകുതി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ലിയോൺ ഗോറെട്സ്കയെ വീഴ്ത്തിയ നെവെൻ സുബോട്ടിച് വഴി നേടിയ പെനാൽറ്റിയിൽ ലെവൻഡോസ്കി ഗോളടിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ഉണർന്ന് കളിച്ചു. ബയേണിന്റെ ഗോൾമുഖത്ത് നിന്ന മാനുവൽ നുയറിന് യൂണിയൻ ബെർലിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടായുരുന്നു. പിന്നീട് ജോഷ്വാ കിമ്മിഷിന്റെ കോർണർ ഹെഡ് ചെയ്ത് ലോകകപ്പ് ജേതാവ് ബെഞ്ചമിൻ പവാർദ് ബയേണിന്റെ ലീഡുയർത്തി. കോമൻ – സെർജ് ഗ്നബ്രി സഖ്യം ഗോളുയർത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ 16 മത്സരങ്ങളിലായി അപരാജിത കുതിപ്പ് നടത്തുകയാണ് ബയേൺ മ്യൂണിക്ക്.