ബ്രെൻ്റ്ഫോർഡ് മുന്നേറ്റനിര താരം ബ്രയാൻ എംബ്യൂമോ ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചു. പ്രീമിയർ ലീഗ് വമ്പന്മാർ ട്രാൻസ്ഫർ ഉറപ്പാക്കുന്നതിനായി ബ്രെൻ്റ്ഫോർഡുമായി ചർച്ചകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. 25 കാരനായ കാമറൂൺ ഇന്റർനാഷണലിൻ്റെ നിലവിലെ കരാറിന് ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ, എങ്കിലും ക്ലബ്ബിന് അത് 2026 വരെ നീട്ടാനുള്ള ഒരു ഓപ്ഷനുണ്ട്.

എംബ്യൂമോ തൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് സീസണിൽ നിന്നാണ് വരുന്നത്. 20 ഗോളുകളും 8 അസിസ്റ്റുകളും നേടിയ താരം ആഴ്സണൽ, ന്യൂകാസിൽ, ടോട്ടനം തുടങ്ങിയ മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചു. എന്നിരുന്നാലും, ഓൾഡ് ട്രാഫോർഡിലേക്ക് മാറാനാണ് താരത്തിന് താൽപ്പര്യം എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.
ശരിയായ ഓഫർ വന്നാൽ എംബ്യൂമോയെ വിൽക്കുന്നത് പരിഗണിക്കുമെന്ന് ബ്രെൻ്റ്ഫോർഡ് പരിശീലകൻ തോമസ് ഫ്രാങ്ക് മെയ് മാസത്തിൽ സൂചിപ്പിച്ചിരുന്നു,
2019 ൽ ഫ്രഞ്ച് ക്ലബ്ബായ ട്രോയ്‌സിൽ നിന്ന് അന്നത്തെ ക്ലബ്ബ് റെക്കോർഡ് തുകയായ 5.4 മില്യൺ പൗണ്ടിന് ബ്രെൻ്റ്ഫോർഡിൽ ചേർന്ന എംബ്യൂമോ, ടീമിൻ്റെ പ്രീമിയർ ലീഗിലേക്കുള്ള വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. വർഷങ്ങളായി സ്ഥിരമായി മെച്ചപ്പെട്ട താരം, ലീഗിലെ മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി മാറി.