യൂറോ കപ്പിനു മുന്നേയുള്ള അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഇസ്രായേലിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ബ്രൂണോ ഫെർണാണ്ടസ് ആണ് ഇന്ന് പോർച്ചുഗലിന്റെ വിജയ ശില്പിയായത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റും താരം ഇന്ന് പോർച്ചുഗലിനായി നേടി. ക്ലബ് ഫുട്ബോളിലെ ഫോം രാജ്യത്തിന്റെ ജേഴ്സിയിലും ബ്രൂണോ ഫെർണാണ്ടസ് തുടരുന്നതാണ് കാണാൻ ആയത്.
ഇന്ന് കളിയിലെ 42ആം മിനുട്ടിലായിരുന്നു ആദ്യ ഗോൾ വന്നത്. ബ്രൂണോ തന്നെയാണ് ലീഡ് നൽകിയത്. രണ്ടു മിനുട്ടുകൾക്കകം 44ആം മിനുട്ടിൽ ക്രിസ്റ്റാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡ് ഉയർത്തി. ആ ഗോൾ ഒരുക്കിയതും ബ്രൂണോ ആയിരുന്നു. രണ്ടാം പകുതിയിൽ 86ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം കാൻസെലോയിലൂടെ പോർച്ചുഗൽ ലീഡ് മൂന്നാക്കി. കളിയുടെ അവസാന നിമിഷം ബോക്സിന് പുറത്ത് നിന്നുള്ള മനോഹര ഷോട്ടിലൂടെയാണ് ബ്രൂണോ ഫെർണാണ്ടസ് തന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്.
ഇനി യൂറോ കപ്പിൽ ഹംഗറിക്ക് എതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.