3 ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് കൈവശമുള്ള ബ്രിസ്ബെയിന്‍ ഹീറ്റിന് 15 റണ്‍സ് ആയിരുന്നു ഫൈനല്‍ ഉറപ്പിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ വാലറ്റത്തിന് ആ സമ്മര്‍ദ്ദം താങ്ങുവാനാകാതെ പോയപ്പോള്‍ ടീം 12 റണ്‍സിന്റെ പരാജയത്തിലേക്ക് വീഴുകയായിരുന്നു.
144 റണ്‍സ് വിജയ ലക്ഷ്യം നേടിയിറങ്ങിയ ബ്രിസ്ബെയിന്‍ 131 റണ്‍സിന് 18.3 ഓവറില്‍ ഓള്‍ഔട്ട് ആയി. 17 പന്തില്‍ നിന്ന് 37 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന ലൗറ കിമ്മിന്‍സിന്റെ വിക്കറ്റ് 17ാം ഓവറിന്റെ അവസാന വിക്കറ്റില്‍ വീഴ്ത്തിയാണ് മത്സരത്തിലേക്ക് സിഡ്നി തണ്ടറിന്റെ ശക്തമായ തിരിച്ചുവരവ്.
ജോര്‍ജ്ജിയ റെഡ്മെൈന്‍(25), നദൈന്‍ ഡീ ക്ലെര്‍ക്ക്(27), ജെസ്സ് ജെനാസ്സെന്‍(19) എന്നിവരും റണ്‍സ് കണ്ടെത്തിയെങ്കിലും വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി സിഡ്നി മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. 3 വിക്കറ്റുമായി ഹന്ന ഡാര്‍ലിംഗ്ടണും രണ്ട് വിക്കറ്റ് വീതം നേടി സമാന്ത ബെയ്റ്റ്സും സാമി-ജോ-ജോണ്‍സണുമാണ് തണ്ടര്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത തണ്ടറിന് വേണ്ടി 48 റണ്‍സുമായി ക്യാപ്റ്റന്‍ റെയ്ച്ചല്‍ ഹെയ്ന്‍സ് ടോപ് സ്കോറര്‍ ആയി. താമി ബ്യൂമോണ്ട് ഓപ്പണിംഗ് ഇറങ്ങി 27 റണ്‍സ് നേടിയാണ് ടീമിന്റെ സ്കോര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലേക്ക് എത്തിച്ചത്.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ സിഡ്നി തണ്ടറിന്റെ എതിരാളികള്‍ മെല്‍ബേണ്‍ സ്റ്റാര്‍സ് ആണ്.