ഐപിഎലില്‍ ഇന്ന് സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 154 റൺസ്. ടോപ് ഓര്‍ഡറിൽ ആയുഷ് മാത്രേയും മധ്യ നിരയിൽ ഡെവാള്‍ഡ് ബ്രെവിസും മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.
ആദ്യ പന്തിൽ ഷെയ്ഖ് റഷീദിനെ നഷ്ടമായ ചെന്നൈയ്ക്ക് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സാം കറനെയും ആയുഷ് മാത്രേയെയും നഷ്ടമായി. മാത്രേ 19 പന്തിൽ 30 റൺസ് നേടി പുറത്തായപ്പോള്‍ 21 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് അടുത്തതായി നഷ്ടമായത്.
25 പന്തിൽ42 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ് പൊരുതി നോക്കിയെങ്കിലും താരത്തെ ഹര്‍ഷൽ പട്ടേൽ പുറത്താക്കി. മികച്ചൊരു ക്യാച്ചിലൂടെ കമിന്‍ഡു മെന്‍ഡിസിന്റെ ഫീൽഡിംഗ് പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ബ്രെവിസ് അപകടകാരിയായി മാറുമായിരുന്നു.
ദീപക് ഹൂഡ അവസാന ഓവറുകളിൽ നേടിയ നിര്‍ണ്ണായക റൺസ് ചെന്നൈയുടെ സ്കോറിംഗ് 150 കടത്തുകയായിരുന്നു. താരം 21 പന്തിൽ 22 റൺസാണ് നേടിയത്. സൺറൈസേഴ്സിന് വേണ്ടി ഹര്‍ഷൽ പട്ടേൽ 4 വിക്കറ്റ് നേടി. പാറ്റ് കമ്മിന്‍സ്, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.