നിങ്ങളുടെ അത്രയും ഭാഗ്യവാന്മാരല്ല ഞങ്ങള്‍ – ബ്രെറ്റ് ലീയോട് രോഹിത് ശര്‍മ്മ

Sports Correspondent

സ്റ്റാര്‍ സ്പോര്‍ട്സില്‍ ബ്രെറ്റ് ലീയുമായി സംസാരിക്കവേ ഓസ്ട്രേലിയയ്ക്കാരുടെ അത്രയും ഭാഗ്യം ഇന്ത്യയ്ക്കാര്‍ക്കില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മ. ഈ കൊറോണ കാലത്തെ ലോക്ക്ഡൗണില്‍ ഓസ്ട്രേലിയയ്ക്കാര്‍ക്കുള്ളത് പോലെ വലിയ വീടുകളും അവിടെ ക്രിക്കറ്റ് കളിക്കുവാനും മാത്രം സ്ഥലമുള്ളത് പോലെയല്ല ഇവിടെ ഇന്ത്യയില്‍ പല താരങ്ങളുടെയും കാര്യമെന്ന് രോഹിത് പറഞ്ഞു.

ഇന്‍ഡോര്‍ ക്രിക്കറ്റ് കളിക്കുവാനും മാത്രം സ്ഥലം തനിക്കില്ല, മുംബൈ വളരെ ജനസാന്ദ്രതയുള്ള സ്ഥലമാണന്നും അപ്പാര്‍ട്മെന്റുകള്‍ക്കുള്ളില്‍ ഇരിക്കുവാന്‍ ആളുകള്‍ പ്രയാസപ്പെടുകയാണെന്നും അവിടെ ക്രിക്കറ്റ് വീടിനുള്ളില്‍ കളിക്കുക പ്രയാസമേറിയതാണെന്നും നിങ്ങളുടെ അത്രയും ഭാഗ്യം ചെയ്തവരല്ലെന്ന മറുപടിയാണ് ബ്രെറ്റ് ലീയ്ക്ക് രോഹിത് ശര്‍മ്മ നല്‍കിയത്.

തനിക്കും ബ്രെറ്റ് ലീയെ പോലെ ആവശ്യത്തിന് ക്രിക്കറ്റ് കളിക്കുവാന്‍ സ്ഥലം ഉണ്ടായിരുന്നുവെങ്കില്‍ എന്ന് താന്‍ ആശിച്ച് പോകുകയാണന്നും രോഹിത് ശര്‍മ്മ പറഞ്ഞു. എന്നാല്‍ തനിക്ക് ആവശ്യത്തിന് വലിയ ബാല്‍ക്കണി ഉള്ളതിനാല്‍ തന്റെ ട്രെയിനര്‍ പറയുന്ന വ്യായാമങ്ങള്‍ ഈ ലോക്ക് ഡൗണിലും ചെയ്യാനാകുന്നുണ്ടെന്ന് രോഹിത് വ്യക്തമാക്കി.

ഉടന്‍ സ്ഥിതി ഭേദമായി ജിമ്മുകള്‍ തുറക്കുമെന്നും അതിന് ശേഷം തനിക്ക് പൂര്‍ണ്ണമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് രോഹിത് ശര്‍മ്മ പ്രത്യാശിച്ചു.