സഹൃദ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ബ്രസീലിനു നേരിയ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ദുർബലരായ സൗദി അറേബ്യക്കെതിരെ ശക്തമായ ടീമിനെ ബ്രസീൽ ഇറക്കിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത സൗദി അറേബ്യ ബ്രസീലിനു മത്സരത്തിലുടനീളം മികച്ച വെല്ലുവിളിയാണ് സൃഷ്ട്ടിച്ചത്.
കൂട്ടീഞ്ഞോയും നെയ്മറും ജെസൂസും ചേർന്ന വമ്പൻ ബ്രസീൽ ആക്രമണം നിരയെ നേരിട്ട സൗദി അറേബ്യ ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ഗബ്രിയേൽ ജെസൂസിലൂടെ ബ്രസീൽ മുൻപിലെത്തി. നെയ്മറിന്റെ പാസിൽ നിന്ന് മനോഹരമായ ഒരു ഫിനിഷിംഗിലൂടെയാണ് ജെസൂസ് ഗോൾ നേടിയത്.
രണ്ടാം പകുതിയിലും ബ്രസീലിന്റെ പ്രകടനത്തിന് ഒത്ത പ്രകടനം കാഴ്ചവെച്ച സൗദി അറേബ്യ പലപ്പോഴും ബ്രസീൽ ഗോൾ മുഖം ആക്രമിക്കുകയും ചെയ്തു. മത്സരം അവസാനിക്കാൻ 5 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൗദി ഗോൾ കീപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് സൗദി അറേബ്യ മത്സരം പൂർത്തിയാക്കിയത്. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ബ്രസീൽ തങ്ങളുടെ രണ്ടാമത്തെ ഗോൾ നേടിയത്. ഇത്തവണയും നെയ്മറിന്റെ പാസിൽ നിന്ന് അലക്സ് സാൻഡ്രോ ആണ് ഗോൾ നേടിയത്.
ബ്രസീലിന്റെ അടുത്ത മത്സരം ചൊവ്വയ്ഴ്ച അർജന്റീനക്കെതിരെയാണ്.