കാനറികൾ ഖത്തർ ലോകകപ്പ് വിജയത്തോടെ തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സെർബിയയെ നേരിട്ട ബ്രസീൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. റിച്ചാർലിസന്റെ രണ്ടു ഗോളുകൾ ആണ് ബ്രസീൽ ജയത്തിന് കരുത്തായത്. അതിൽ ഒരു അത്ഭുത ബൈസൈക്കിൾ കിക്ക് ഗോളും ഉൾപ്പെടുന്നു.
തീർത്തും അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ബ്രസീൽ തുടക്കം മുതൽ ഇന്ന് സെർബിയൻ ഡിഫൻസിലേക്ക് പാഞ്ഞടുക്കാൻ ആണ് നോക്കിയത്. എന്നാൽ എന്നും ഓർഗനൈസ്ഡ് ആയി ഒരു ടീമെന്ന പോലെ കളിക്കുന്ന സെർബിയൻ ഡിഫൻസിനെ കീഴ്പ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. ഡീപായി ഡിഫൻഡ് ചെയ്യാൻ സെർബിയ തീരുമാനിച്ചത് കൊണ്ട് അറ്റാക്കിംഗ് തേർഡിൽ സ്പേസ് കണ്ടെത്താൻ ബ്രസീൽ പ്രയാസപ്പെട്ടു.
20ആം മിനുട്ടിൽ കസമേറോയുടെ ഒരു ലോങ് റേഞ്ചർ ആയിരുന്നു സെർബിയയെ സമ്മർദ്ദത്തിൽ ആക്കിയ ആദ്യ ഗോൾ ശ്രമം. പക്ഷെ ഗോൾ കീപ്പർ മിലിങ്കോവിച് സാവിച് പതറിയില്ല. 34ആം മിനുട്ടിൽ പക്വേറ്റയും റഫീഞ്ഞയും ചേർന്ന് നടത്തിയ നീക്കം സെർബിയൻ ഡിഫൻസ് തുറന്നു എങ്കിലും റഫീഞ്ഞയുടെ ഇടം കാലൻ ഷോട്ട് ഗോൾ കീപ്പർക്ക് നേരെ ആയത് കളി ഗോൾ രഹിതമായി നിർത്തി.
വിനീഷ്യസും നെയ്മറും നടത്തിയ അറ്റാക്കിംഗ് റണ്ണുകൾ എല്ലാം ആദ്യ പകുതിയിൽ ഫലമില്ലാത്ത റണ്ണുകളാക്കി മാറ്റാൻ സെർബിയക്ക് ആയി. ബ്രസീൽ സ്ട്രൈക്കർ റിച്ചാർലിസൺ ആകട്ടെ ആദ്യ പകുതിയിൽ അധികം പന്ത് തൊട്ടതുമില്ല.
40ആം മിനുട്ടിൽ കസമേറൊയുടെ പാസിൽ നിന്ന് വിനീഷ്യസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. വിനീഷ്യസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിൽ നിന്ന് ഏറെ വിദൂരത്തേക്കാണ് പോയത്.
രണ്ടാം പകുതിയിൽ ബ്രസീൽ അവരുടെ വേഗത കൂട്ടി. 46ആം മിനുട്ടിൽ തന്നെ അവർ ഗോളിന് അടുത്ത് എത്തി. വീണ്ടും അവസരം റഫീഞ്ഞയുടെ കാലിൽ ആയിരുന്നു. ഒരിക്കൽ കൂടെ റഫീഞ്ഞയുടെ ഷോട്ട് ഗോൾ കീപ്പർക്ക് നേരെ. സ്കോർ ഗോൾ രഹിതമായി നിന്നു. പക്ഷെ രണ്ടാം പകുതിയിൽ വിനീഷ്യസും നെയ്മറും എല്ലാം ഫുൾ പവറിൽ ആയിരുന്നു. ബ്രസീൽ തുടരെ ആക്രമണം നടത്തി. 30വാരെ നിന്നുള്ള അലെക്സ് സാൻഡ്രോയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിനെ വിറപ്പിച്ചാണ് മടങ്ങിയത്.
അധികം വൈകിയില്ല ഗോൾ വരാൻ. 62ആം മിനുട്ടിൽ നെയ്മർ തുടങ്ങി വെച്ച നീക്കം വിനീഷ്യസ് കൈക്കലാക്കി ഗോളിലേക്ക് തൊടുത്തു. ആ ഗോൾ ശ്രമം സെർബിയൻ കീപ്പർ തടഞ്ഞു എങ്കിലും റീബൗണ്ടിൽ റിച്ചാർലിസന്റെ ഫിനിഷ്. സ്കോർ 1-0. റിച്ചാർലിസൺ ഈ വർഷം ബ്രസീലിനായി നേടുന്ന എട്ടാം ഗോളാണിത്.
ഇതിനു ശേഷം 70ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് സെർബിയ ഗോളിന് അരികെ എത്തി. അലിസൺ കാര്യമായി ഇടപെടേണ്ടി വരും മുമ്പ് ആ അപകടം ഒഴിവായി.
75ആം മിനുട്ടിൽ ആയിരുന്നു ഈ കളി എന്നും ഓർമ്മിപ്പിക്കപ്പെടാൻ പോകുന്ന നിമിഷം പിറന്നത്. വിനീഷ്യസ് നൽകിയ ക്രോസ് നിയന്ത്രിക്കാൻ റിച്ചാർലിസൺ ശ്രമിച്ച ആദ്യ ടച്ച് പന്ത് താരത്തിന്റെ പിറകിലാക്കി. പിന്നെ ഒന്നും ആലോചിക്കാതെ പന്ത് നിലത്ത് വീഴും മുമ്പ് ഒരു ആക്രൊബാറ്റിക് ഫിനിഷ്. ഈ ടൂർണമെന്റ് കണ്ട കാണാൻ പോകുന്ന ഏറ്റവും മികച്ച ഗോൾ!! സ്കോർ 2-0. ഇതിനേക്കാൾ മികച്ച ഗോൾ ഇനി ഈ ലോകകപ്പ് കാണുമോ എന്നത് സംശയമാണ്.
ഈ ഗോളിന് ശേഷം റിച്ചാർലിസണും വിനീഷ്യസും നെയ്മറു എല്ലാം സബ്ബായി പുറത്ത് പോയി. പകരം കളത്തിൽ എത്തിയതും സൂപ്പർ താരങ്ങൾ ആയതു കൊണ്ട് ബ്രസീലിനെ ഈ നീക്കങ്ങളും ശക്തമാക്കുകയെ ചെയ്തുള്ളൂ. കസെമേറൊയും റോഡ്രിഗോയും ഗോളിന് അടുത്ത് എത്തുന്നത് ഇതിനു ശേഷം കാണാൻ ആയി. കൂടുതൽ ഗോൾ പിറന്നില്ല എങ്കിലും കളിയിൽ അവർ അനായസം വിജയം പൂർത്തിയാക്കി
ഇനി സ്വിറ്റ്സർലാന്റും കാമറൂണും ആണ് ബ്രസീലിന് മുന്നിൽ ഗ്രൂപ്പിൽ ഉള്ളത്.