ബ്രസീലിന്റെ പേരിൽ സെവനപ്പ് പരിഹാസങ്ങൾ തുടങ്ങിയിട്ട് കുറേ കാലമായി. ആ പരിഹാസമല്ല ഇന്നത്തെ സെവനപ്പ്. ഇന്ന് ബ്രസീലാണ് ഏഴു ഗോളുകൾ അടിച്ചിരിക്കുന്നത്. കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തിൽ ആയിരുന്നു വമ്പൻ വിജയം ബ്രസീൽ നേടിയത്. ഇന്ന് ഹോണ്ടുറാസ് ആയിരുന്നു ബ്രസീലിന്റെ എതിരാളികൾ. അവരെ ബ്രസീൽ ഗോളിൽ മുക്കി എന്ന് തന്നെ പറയാം. എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ബ്രസീൽ ഇന്ന് വിജയിച്ചത്.
നെയ്മർ ഇല്ലാത്തതിനാൽ കോപ അമേരിക്ക ഒരുക്കങ്ങളിൽ ഏറ്റ നിരാശ മാറ്റാൻ ഈ വൻ ജയം ബ്രസീലിനെ സഹായിക്കും. ഇന്ന് കളി ആരംഭിച്ച മുതൽ തന്നെ ഗോൾ പിറന്നു തുടങ്ങിയിരുന്നു. ആദ്യം ആറാം മിനുട്ടിൽ ഗബ്രിയേൽ ജീസുസ് ആണ് ഗോൾ വേട്ട തുടങ്ങിയത്. പിന്നീട് 13ആം മിനുട്ടിൽ തിയാഗോ സിൽവ ലീഡ് ഇരട്ടിയാക്കി. കൗട്ടീനോ, ഫർമീനോ, റിച്ചാർലിസൺ, ജീസുസിന്റെ രണ്ടാം ഗോൾ എന്നിങ്ങനെ ഗോൾ മഴ തന്നെ ഇന്ന് പിറന്നു.
ബ്രസീലിനായി അരങ്ങേറിയ അയാക്സിന്റെ യുവ സ്ട്രൈക്കർ നെരെസും ഇന്ന് ബ്രസീലിനായി ഗോൾ നേടി. ടിറ്റെ പരിശീലകനായ ശേഷം ബ്രസീൽ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇത്. ഇനി കോപ അമേരിക്കയിലാണ് ബ്രസീലിന്റെ അടുത്ത മത്സരം.