സെപ്റ്റംബര്‍ 2016ല്‍ വിന്‍ഡീസിനെ അവസാനമായി പ്രതിനിധീകരിച്ച് ഡ്വെയിന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെക്കാലമായി ബോര്‍ഡുമായുള്ള ശീത സമരത്തിലായിരുന്ന ബ്രാവോ പലവട്ടം താന്‍ ഇനി വിന്‍ഡീസിനു വേണ്ടി കളിക്കുകയില്ലെന്ന് അറിയിച്ചിരുന്നു. ഇപ്പോള്‍ താരം തന്നെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ അവസാനിപ്പിച്ചു.
2012, 2016 ലോക ടി20 വിജയങ്ങളില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച 35 വയസ്സുകാരന്‍ ഓള്‍റൗണ്ടര്‍ 27 അന്താരാഷ്ട്ര മത്സരങ്ങള്‍ വിന്‍ഡീസിനായി കളിച്ചിട്ടുണ്ട്.
14 വര്‍ഷത്തെ കരിയറിനു ശേഷമാണ് ബ്രാവോയുടെ ഈ തീരുമാനം. പ്രൊഫഷണല്‍ ക്രിക്കറ്ററായി തുടര്‍ന്നും കൂടുതല്‍ കാലം കളിക്കുന്നതിനായും വരും തലമുറയ്ക്ക് അവസരം കൊടുക്കുന്നതിനുമായി തന്റെ മുന്‍ഗാമികള്‍ ചെയ്തത് പോലെ താനും വഴിമാറിക്കൊടുക്കുകയാണെന്നാണ് ഡ്വെയിന്‍ ബ്രാവോ തന്റെ റിട്ടയര്‍മെന്റ് കുറിപ്പില്‍ സൂചിപ്പിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെക്കാലമായി സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിവിധ രാജ്യങ്ങളിലെ വിവിധ ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് ബ്രാവോ. ക്രിക്കറ്റ് ആരാധകര്‍ക്ക് താരത്തെ ഇനിയും ഏറെക്കാലം കളിക്കളത്തില്‍ കാണാമെന്നത് ആശ്വാസകരമായ കാര്യമാണ്.