ബൊളോണ കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന സെമിഫൈനൽ രണ്ടാം പാദ മത്സരത്തിൽ എമ്പോളിയെ 2-1ന് തകർത്താണ് ബൊളോണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ആദ്യ പാദത്തിൽ 3-0ന് വിജയിച്ച ബൊളോണ മൊത്തത്തിൽ 5-1ന്റെ അഗ്രഗേറ്റ് വിജയത്തോടെയാണ് ഫൈനലിൽ എത്തിയത്.
തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ആത്മവിശ്വാസത്തോടെ കളിച്ച ബൊളോണ ഏഴാം മിനിറ്റിൽ തന്നെ ഗോൾ നേടി ലീഡ് വർദ്ധിപ്പിച്ചു. ജിയോവാനി ഫാബിയനാണ് ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്. ഇതോടെ എമ്പോളിക്ക് തിരിച്ചുവരാനായി നാല് ഗോളുകൾ നേടേണ്ട അവസ്ഥ വന്നു. എന്നാൽ 33-ാം മിനിറ്റിൽ വിക്ടർ ഒരു ഗോൾ മടക്കി നൽകി എമ്പോളിക്ക് നേരിയ പ്രതീക്ഷ നൽകി. ഒല സോൾബാക്കന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തപ്പോൾ ലഭിച്ച അവസരം വിക്ടർ മുതലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും തുറന്ന ആക്രമണം നടത്തിയെങ്കിലും 86-ാം മിനിറ്റിൽ തൈസ് ഡാലിംഗ നേടിയ ഹെഡ്ഡർ ഗോളിലൂടെ ബൊളോണ വിജയം ഉറപ്പിച്ചു.
മെയ് 14ന് റോമിലെ സ്റ്റേഡിയം ഒളിമ്പികോയിൽ നടക്കുന്ന കോപ്പ ഇറ്റാലിയ ഫൈനലിൽ ബൊളോണ എസി മിലാനെ നേരിടും.