ആസാം സ്വദേശിയായ യുവ പ്രതിഭ ബാവോറിങ്ഡാവോ ബോഡോയുടെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് ഔദ്യോഗികമായി. കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ ബോഡോയെ സൈൻ ചെയ്തത് അറിയിച്ചു. ലോൺ അടിസ്ഥാനത്തിൽ ആണ് ചെന്നൈയിനിൽ നിന്ന് ബോഡോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സി കെ വിനീത് ലോണടിസ്ഥാനത്തിൽ ചെന്നൈയിനിലേക്കും പോയിരുന്നു.
DONE DEAL! Let's put our hands together for our new signing, Baoringdao Bodo! Welcome lad, to the yellow army!#KeralaBlasters #OurOwn #Bodo #NewSigning pic.twitter.com/cc390MAWLq
— Kerala Blasters FC (@KeralaBlasters) January 23, 2019
18കാരനായ ബോഡോ ഈ സീസണിൽ തന്നെ കേരളത്തിന്റെ മറ്റൊരു ദേശീയ ലീഗ് ക്ലബായ ഗോകുലത്തിലും വായ്പാടിസ്ഥാനത്തിൽ ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ഗോകുലത്തിനായി ഒരു ഗോൾ നേടാനും ബോഡോയ്ക്ക് ആയിട്ടുണ്ട്.
മുമ്പ് മിനേർവ പഞ്ചാബിലും ലോണിൽ കളിച്ചിട്ടുണ്ട്. മിനേർവയിൽ കളിച്ച സീസണിൽ മുംബൈ എഫ് സിക്കെതിരെ ബോഡോ നേടിയ ഗോൾ ഐലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററാക്കി അന്ന് ബോഡോയെ മാറ്റിയിരുന്നു.
അന്ന് ഗോൾ അടിക്കുമ്പോൾ 17 വയസ്സും മൂന്ന് മാസവും മാത്രമായിരുന്നു ബോഡോയുടെ പ്രായം. കഴിഞ്ഞ സീസണിൽ ചെന്നൈയിനൊപ്പം ഐ എസ് എല്ലിൽ ബോഡോ അരങ്ങേറ്റം നടത്തി. ചെന്നൈയിൻ ക്ലബിനായി ഐ എസ് എല്ലിൽ അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും ബോഡോയുടെ പേരിലാണ്. വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിവുള്ള താരമാണ്.
എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇപ്പോൾ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗവുമാണ് ബോഡോ.