ഐ എസ് എല്ലിൽ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ആവേശ മത്സരമായി മാറി. ഇന്ന് ഒഡീഷയിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഘട്ടത്തിൽ 2-4ന് പിറക ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് 4-4 എന്ന ആവേശ സമനില പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. അതും ഒരു ഇഞ്ച്വറി ടൈം ഗോളിലൂടെ. ഒൻവുവിന്റെ ഹാട്രിക്കിനു മുന്നിൽ പതറിയ ബ്ലാസ്റ്റേഴ്സ് ഒഗ്ബെചെയിലൂടെ ആണ് ഒഡീഷയ്ക്ക് മറുപടി നൽകിയത്. ഒഡീഷയ്ക്ക് ലീഗിൽ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള അവസരവും ഇതോടെ നഷ്ടമായി.
മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ഇന്ന് ഒഡീഷ മുന്നിൽ എത്തിയിരുന്നു. ഗംഭീര ഫോമിൽ ഉള്ള ഒനുവു ആണ് ഒഡീഷയ്ക്കായി ആദ്യ മിനുട്ടിൽ ഗോൾ നേടിയത്. പക്ഷെ ആറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. 28ആം മിനുട്ടിൽ മെസ്സി ബൗളിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലും എത്തി. ജെസ്സെലിന്റെ ക്രോസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ലീഡ് പക്ഷെ അധിക സമയം നീണ്ടു നിന്നില്ല.
36അം മിനുട്ടിൽ ഒൻവുവിന്റെ സുന്ദര ഫ്രീകിക്ക് ബിലാലിനെ വീഴ്ത്തി വലയിലേക്ക്. സ്കോർ 2-2. ഹാഫ് ടൈമിന് തൊട്ടു മുമ്പ് ഒരു പെനാൾട്ടിയിലൂടെ ഒഡീഷ ലീഡിൽ എത്തി. പെരെസാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ഒനുവുവിന്റെ മറ്റൊരു ഫ്രീകിക്ക് ഒഡീഷയ്ക്ക് നാലാം ഗോളും താരത്തിന് ഹാട്രിക്കും നൽകി.
മത്സരം കൈവിട്ടു എന്ന് തോന്നി എങ്കിലും രണ്ട് പെനാൾട്ടികൾ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി. കളിയുടെ 83ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഒഗ്ബെചെയിലൂടെ മൂന്നാം ഗോൾ നേടിയ ബ്ലസ്റ്റേഴ്സ് പരാജയം ഒഴിവാക്കാനായി പൊരുതി. അവസാനം ഇഞ്ച്വറി ടൈമിൽ വീണ്ടുമൊരു പെനാൾട്ടി. ലക്ഷ്യം തെറ്റാതെ വീണ്ടും ഒഗ്ബെചെയുടെ കിക്ക്. മത്സരം 4-4 എന്ന നിലയിൽ ഫൈനൽ വിസിൽ.
ഇന്നത്തെ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സീസൺ 18 മത്സരങ്ങളിൽ നിന്ന് 19 പോയന്റുമായി ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ചു. 25 പോയന്റാണ് ഒഡീഷയുടെ സീസണിൽ സമ്പാദ്യം.