കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തുടരും, “ഒരു പ്രദേശത്തിന്റെ ക്ലബല്ല കേരളത്തിന്റെ മൊത്തം ക്ലബ്” എന്ന് മാനേജ്മെന്റ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട് /കൊച്ചി – 10/06/2020: കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിതീകരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്ബോൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എപ്പോഴും ആരാധകരോട് വളരെയധികം ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കേരളമാകമാനമുള്ള ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ വീക്ഷിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുവാനും, അതിനോടൊപ്പം കേരളത്തിന്റെ മനസിലെ ഫുട്ബാൾ എന്ന വികാരത്തെ കൂടുതൽ തീവ്രമായി വ്യാപിപ്പിക്കുന്നതിനും ക്ലബ് ആഗ്രഹിക്കുന്നു. അതിനായി സംസ്ഥാനത്തെ ഇത്തരത്തിൽ സൗകര്യങ്ങളുള്ള മൈതാനങ്ങൾ കണ്ടെത്താനും, അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുമുള്ള പരിശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് തുടരുകതന്നെ ചെയ്യുമെന്നും ക്ലബ്ബ് അറിയിച്ചു.

കൂടാതെ കേരളത്തിൽ വളർന്നുവരുന്ന മികച്ച കഴിവുകളുള്ള കളിക്കാരെ ‘പ്രൊഫെഷണൽ ഫുട്ബോളർമാരായി’ വളർത്തിയെടുക്കുവാനും, അവരെ അന്താരാഷ്ട മത്സരങ്ങളിൽ നമ്മുടെ സംസ്ഥാനത്തെയും, രാജ്യത്തെയും പ്രതിനിധീകരിക്കാൻ കഴിവുറ്റവരാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ ഫുട്ബോൾ യശസ്സ് ലോകനിലവാരത്തിൽ ഉയർത്തുന്നതിനും ബ്ലാസ്റ്റേഴ്‌സ് പരിശ്രമിക്കും.

കേരളത്തിലെ ഒരു ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഒരു പ്രത്യേക പ്രദേശത്തിന്റെ പേരിൽ മാത്രമല്ല കേരളത്തിന്റെ ക്ലബ്ബായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നും ക്ലബ്ബ് വ്യക്തമാക്കി.