കേരള ബ്ലാസ്റ്റേഴ്സിലെ ഈൽകോ ഷറ്റോരി കാലം അവസാനിച്ചു എന്ന ഔദ്യോഗിക പ്രഖ്യാപനം വന്ന പിന്നാലെ തന്നെ പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുക സ്പാനിഷ് പരിശീലകനായ കിബു വികൂന എന്ന തന്ത്രശാലി ആയിരിക്കും. മോഹൻ ബഗാന്റെ പരിശീലകനായിരുന്ന കിബു വികൂനയെ കേരള ബ്ലാസ്റ്റേഴ്സിലും കിരീടം എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ സീസണിൽ മോഹൻ ബഗാന്റെ ഐലീഗിലെ ആധിപത്യത്തിന്റെ പിറകിൽ പ്രവർത്തിച്ച പരിശീലകനാണ് വികൂന. എതിരാളികളെ ഒക്കെ വളരെ പിന്നിലാക്കി കൊണ്ട് 4 മത്സരങ്ങൾ ബാക്കി നിൽക്കെ ലീഗ് കിരീടം സ്വന്തമാക്കാൻ കിബുവിന്റെ കീഴിൽ മോഹൻ ബഗാനായിരുന്നു. കഴിഞ്ഞ സീസൺ ആകെ വലഞ്ഞിരുന്ന ബഗാനെ ഒരു ചാമ്പ്യൻ ടീമാക്കി വളർത്താൻ അദ്ദേഹത്തിനായതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ ഇദ്ദേഹത്തിലേക്ക് എത്തിച്ചത്.
പുതിയ സീസണിൽ മോഹൻ ബഗാനും എ ടി കെയും കൂടെ ലയിക്കുന്നത് കൊണ്ട് വികൂനയുടെ ബഗാനിലെ ജോലി അവസാനിച്ചു കഴിഞ്ഞിരുന്നു. ആ തക്കം നോക്കിയാണ് ബ്ലാസ്റ്റേഴ്സ് വികൂനയെ സ്വന്തമാക്കിയത്.
പോളണ്ടിലും സ്പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ്. ജോസഫ് അന്റോണിയോ കിബു വികൂന എന്ന പരിശീലകൻ. 47കാരനായ വികൂന യുവേഫ പ്രൊ ലൈസൻസ് ഉള്ള പരിശീലകനാണ്. പോളിഷ് ക്ലബായ വിസ്ലാ പ്ലോക്കിലായിരുന്നു അവസാന വികൂന പ്രവർത്തിച്ചത്. ലലിഗ ക്ലബായിരുന്ന ഒസാസുനയുടെ യൂത്ത് ടീമിന്റെ പരിശീലകനായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത താരങ്ങളായ റൗൾ ഗാർസിയ, ആസ്പിലികേറ്റ, നാചോ മോൺറിയൽ, ഹാവി മാർടിനസ് എന്നിവർക്കൊപ്പം ഒക്കെ വികൂന പ്രവർത്തിച്ചിട്ടുണ്ട്.