ഐ എസ് എല്ലിലെ തിങ്ങിനിറയുന്ന ഗ്യാലറിയും, മഞ്ഞ ജേഴ്സി അണിഞ്ഞ് യൂറോപ്പിലൊക്കെ കാണുന്നത് പോലെ ഗ്യാലറിയെ മുഴുവൻ ടീമിന്റെ നിറത്തിലേക്ക് മാറ്റി ആഘോഷമാക്കുന്ന ആരാധകരും ഒക്കെ കലൂർ സ്റ്റേഡിയത്തിന്റെ കാഴ്ചയിൽ നിന്ന് മറയുകയാണ്. ഇതിന്റെ കാരണം എന്താണെന്ന് അറിയാൻ അധികം പണിയൊന്നുമില്ല. നാളെ 2019 ജനുവരി 27. കൃത്യം ഒരു വർഷം മുമ്പ് 2018 ജനുവരി 27നാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തങ്ങളുടെ ഹോം ഗ്രൌണ്ടിൽ വെച്ച് ഒരു മത്സരം വിജയിച്ചത്. ഇത്രയും വലിയ ആരാധക കൂട്ടം ഉണ്ടായിട്ടും ഒരു ഹോം ജയമില്ലാതെ ഒരു വർഷം.
കഴിഞ്ഞ ജനുവരി 27ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡെൽഹി ഡൈനാമോസിനെ പരാജയപ്പെടുത്തിയതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം വിജയം.
അവസാന 18 ഹോം മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് ആകെ രണ്ടു മത്സരങ്ങളാണ്. ഐ എസ് എല്ലിൽ അല്ലാതെ പ്രീസീസണിൽ തോറ്റ രണ്ട് മത്സരങ്ങൾ കണക്കിൽ എടുക്കാതെ ആണ് ഈ റെക്കോർഡ്. സാധാരണ സ്വന്തം ഹോമിൽ കാണികൾ കൂടുന്നത് എതിരാളികളെ കൂടുതൽ ബലഹീനരാക്കുകയും ഹോം ടീമിന് ശക്തി കൂട്ടുകയും ആണ് ചെയ്യുക. എന്നാൽ ഇവിടെ ഹോം ടീമിനാണ് ശക്തി കുറയുന്നത്. എന്തായാലും വിജയം അന്യമായതോടെ ആരാധകരും ഗ്യാലറിയിൽ കയറാതെ ആയിട്ടുണ്ട്. ഇന്നലെ വെറും 4000 പേർ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് കളി കാണാൻ എത്തിയത്.
അവസാന ഒമ്പത് ഹോം മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടില്ല. ഈ സീസണിൽ കളിച്ച ഏഴു ഹോം മത്സരങ്ങളിൽ മൂന്നെണ്ണം പരാജയപ്പെട്ടപ്പോൾ ബാക്കി നാലെണ്ണം സമനിലയിലും പിരിഞ്ഞു.