ഇന്ത്യൻ ഫുട്ബോൾ പരിശീലകനാകാൻ താല്പര്യം പ്രകടിപ്പിച്ച് മുൻ ഇംഗ്ലണ്ട് പരിശീലകൻ ബിഗ് സാമും. സാം ആൽറഡൈസ് എന്ന് ഇംഗ്ലണ്ടിലെ പ്രശസ്ത പരിശീലകൻ ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ സമർപ്പിച്ചതായാണ് വിവരങ്ങൾ. ഇന്നലെ ആയിരുന്നു ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി. നിരവധി പ്രശസ്ത പരിശീലകർ അപേക്ഷ കൊടുത്തിട്ടുണ്ട് എന്നാണ് വിവരം. ഇതിൽ പ്രധാനിയാണ് ബിഗ് സാം.
ഏഷ്യൻ കപ്പിലെ നിരാശയ്ക്ക് ശേഷം സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനത്തു നിന്നു രാജിവെച്ചിരുന്നു. അതിനു ശേഷം ഇതുവരെ ഇന്ത്യ പരിശീലകനെ നിയമിച്ചിട്ടില്ല. അവസാനമായി എവർട്ടണെ ആണ് ബിഗ് സാം പരിശീലിപ്പിച്ചത്. കഴിഞ്ഞ സീസണിൽ എവർട്ടണെ പരിശീലിപ്പിച്ച ബിഗ് സാമിനെ ഫുട്ബോൾ ശൈലി വിരസമാണെന്ന കാരണം പറഞ്ഞായിരുന്നു എവർട്ടൺ പുറത്താക്കിയത്. ഇംഗ്ലണ്ടിലെ പ്രശസ്ത ക്ലബുകളായ സണ്ടർലാന്റ്, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം, ന്യൂകാസി, ബ്ലാക്ബേൺ എന്നീ ക്ലബുകളെ ഒക്കെ സാം പരിശീലിപ്പിച്ചിട്ടുണ്ട്. ഡിഫൻസിലൂന്നിയ ഫുട്ബോൾ ആണ് സാം കളിപ്പിക്കുന്നത്.
കോൺസ്റ്റന്റൈൻ ഇന്ത്യൻ ചുമതലയുള്ളപ്പോൾ ലോംഗ് ബോൾ ടാക്ടിക്സ് കളിക്കുന്നതിന് വിമർശനം കേട്ടിരുന്നു. സാം പരിശീലകനായി എത്തിയാലും ഇത് തന്നെ ആകും ഇന്ത്യൻ ആരാധകർക്ക് ലഭിക്കുക. 2016ൽ ഇംഗ്ലണ്ടിന്റെ പരിശീലകനായി ബിഗ് സാം എത്തിയിരുന്നു എങ്കിലും ആകെ ഒരു മത്സരം മാത്രമെ അദ്ദേഹത്തിന്റെ കീഴിൽ ഇംഗ്ലണ്ട് കളിച്ചുള്ളൂ. ആ മത്സരം ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തിരുന്നു.