ഐ എസ് എല്ലിൽ ഇന്ന് ആദ്യ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം നടക്കും. ഐ എസ് എൽ സീസണിൽ തുടർച്ചയായ രണ്ടാം തവണയും ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്ത ബെംഗളൂരു എഫ് സിയും സ്വന്തം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് ഇന്ന് ഏറ്റുമുട്ടുക. ആദ്യ പാദത്തിൽ ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് ബെംഗളൂരു എഫ് സിയെ 2-1 എന്ന സ്കോറിന് തോല്പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ മുൻ തൂക്കം എൽ ഷറ്റോരിയുടെ ടീമിന് തന്നെ ആകും.
ആദ്യ പാദത്തിൽ വിജയിച്ചു എന്നത് മാത്രമല്ല കളിയിൽ ഉടനീളം ബെംഗളൂരുവിന് മേൽ ആധിപത്യവും പുകർത്തി എന്നതാണ് നോർത്ത് ഈസ്റ്റിന് പ്രതീക്ഷ നൽകുന്നത്. ഇഞ്ച്വറി ടൈമിൽ പിറന്ന പെനാൾട്ടിയിൽ ആയിരുന്നു ഗുവാഹത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. നോർത്ത് ഈസ്റ്റിന്റെ ബെംഗളൂരുവിനെതിരായ ആദ്യ വിജയവുമായിരുന്നു ഇത്.
ഛേത്രിയും മികുവും അവരുടെ മികവിലേക്ക് ഉയരാതിരുന്നത് ആദ്യ പാദത്തിൽ ബെംഗളൂരുവിന് വിനയായി. രണ്ട് തവണ ലീഗിൽ ഒന്നാമതായി ഫിനിഷ് ചെയ്തിട്ടും കിരീടം നേടാൻ ആയില്ല എന്നൊരു നാണക്കേട് സ്വന്തമാക്കാൻ ബെംഗളൂരു ആഗ്രഹിക്കുന്നുണ്ടാവില്ല. നോർത്ത് ഈസ്റ്റിനെതിരെ എവേ ഗോൾ നേടിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഒന്ന് 1-0ന്റെ വിജയം ബെംഗളൂരുവിനെ ഫൈനലിൽ എത്തിക്കും. പരിക്കേറ്റ ഒഗ്ബെചെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയിൽ ഇന്ന് ഉണ്ടായേക്കില്ല.