ലോകകപ്പ് നേടിയ അതേ ആത്മാനുഭൂതി, ഇത് കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം: കോഹ്‍ലി

Sports Correspondent

ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും അന്ന് വികാരഭരിതരാകുന്നത് താന്‍ കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത്. ഇതുവരെയുള്ള തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ഓസ്ട്രേലിയയിലെ ഈ പരമ്പര വിജയമെന്നും കോഹ്‍ലി പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ഒരു ടീം ആദ്യമായാണ് ഓസ്ട്രേലിയയില്‍ പരമ്പര സ്വന്തമാക്കുന്നത്. ഈ പരമ്പര വിജയം ടീമിനു പുതിയൊരു ഐഡന്റിറ്റി നല്‍കുമെന്നും കോഹ്‍ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഞങ്ങള്‍ ശരിയായ ദിശയിലാണെന്ന ബോധം ഞങ്ങള്‍ക്കുണ്ടായിരുന്നു, അതാണ് ഇന്നിവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും കോഹ്‍ലി പറഞ്ഞു. ഈ ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ കോഹ്‍ലി, അവര്‍ ക്യാപ്റ്റനെ മികച്ച ഫലങ്ങള്‍ നേടിക്കൊടുക്കുവാന്‍ സഹായിക്കുന്നുവെന്നും പറഞ്ഞു.