എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് വലിയ വിജയം. ഇന്ന് മാസിയയെ നേരിട്ട ബെംഗളൂരു എഫ് സി ഇന്ന് വൻ വിജയം തന്നെ നേടി. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. തുടക്കം മുതൽ ബെംഗളൂരു എഫ് സിയുടെ അറ്റാക്കാണ് ഇന്ന് കണ്ടത്. ആറാം മിനുട്ടിൽ ഉദാന്ത സിങാണ് ബെംഗളൂരു എഫ് സിക്കായി ആദ്യ ഗോൾ നേടിയത്. 19ആം മിനുട്ടിൽ ക്ലൈറ്റണിലൂടെ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി.
ഇതിനു ശേഷമായിരുന്നു മലയാളി താരം ലിയോൺ അഗസ്റ്റിന്റെ ഗോൾ. താരത്തിന്റെ ഏഷ്യൻ മത്സരങ്ങളിലെ ആദ്യ ഗോളാണ് ഇത്. ബെംഗളൂരു എഫ് സിക്കായുള്ള രണ്ടാം ഗോളും. രണ്ടാം പകുതിയിലും ബെംഗളൂരു ഗോളടി തുടർന്നു. 70ആം മിനുട്ടിൽ ശിവശക്തിയുടെ ഷോട്ടും പിന്നീട് ബിദ്യാസാഗറിന്റെ ഇരട്ട ഗോളുകളും ബെംഗളൂരു എഫ് സിക്കായി വലയിൽ എത്തി.
ഇങ്ങനെ വലിയ വിജയം നേടിയെങ്കിലും ബെംഗളൂരു എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായാണ് ബെംഗളൂരു ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്.