കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ്.സി ചെന്നൈയിൻ എഫ്.സിയെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിൽ ബെംഗളൂരു എഫ്.സിയെ തോൽപ്പിച്ചാണ് ചെന്നൈയിൻ തങ്ങളുടെ രണ്ടാം ഐ.എസ്.എൽ കിരീടം ചൂടിയത്. ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു എഫ് സിയെ ഫൈനലിൽ 3-2ന് മറികടന്നാണ് ചെന്നൈയിൻ കിരീടം നേടിയത്.
കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് പ്രതികാരം ചെയ്യാൻ ഉറപ്പിച്ചാണ് ബെംഗളൂരു എഫ്.സി ഇന്ന് ഇറങ്ങുന്നത്. പ്രഥമ സൂപ്പർ കപ്പ് കിരീടം നേടിയെങ്കിലും ആദ്യ ഐ.എസ്.എൽ സീസണിൽ തന്നെ കിരീടം നേടാനുള്ള സുവർണാവസരം ചെന്നൈയിനോട് നഷ്ടപ്പെട്ടതിന്റെ പ്രതികാരം ഇപ്പോഴും ബെംഗളൂരു ആരാധകരുടെ മനസ്സിലുണ്ട്. മികുവും ഛേത്രിയും അടങ്ങുന്ന ആക്രമണ നിര തന്നെയാണ് ബെംഗളൂരു എഫ് സിയുടെ ശക്തി. സീസണിൽ പുതുതായി ടീമിലെത്തിയ ഭൂട്ടാനീസ് താരം ചെഞ്ചോയുടെ സേവനവും ബെംഗളൂരു എഫ്.സിക്ക് മുതൽ കൂട്ടവും. കഴിഞ്ഞ തവണ ബെംഗളൂരുവിനെ ഫൈനലിൽ എത്തിച്ച പരിശീലകൻ ആൽബർട്ട് റോക്ക മാറി അദ്ദേഹത്തിന്റെ സഹ പരിശീലകനായിരുന്ന കാർലെസ് ക്യൂഡ്രാട് ആണ് ഇത്തവണ ബെംഗളൂരു എഫ്.സിയെ ഐ.എസ്.എല്ലിൽ ഇറക്കുന്നത്.
അതെ സമയം ഐ.എസ്.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നിലനിർത്താൻ ഇറങ്ങുന്ന ചെന്നൈയിന് ഇത്തവണയും ബെംഗളൂരു ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കും. പ്രീ സീസൺ മത്സരങ്ങളിൽ മലേഷ്യയിൽ വെച് നാല് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈയിൻ ബെംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ബെംഗളൂരുവിനെതിരെ പൊരുതി നിൽക്കാനാവു. കിരീടം നേടി കൊടുത്ത ജോൺ ഗ്രിഗറിയെ നില നിർത്തിയെങ്കിലും കഴിഞ്ഞ സീസണിൽ അവരുടെ ടീമിലെ കുന്തമുനയായിരുന്ന ഹെൻറിക് സെറെനോയുടെയും റെനേ മിഹേലിച്ചിന്റെയും അഭാവം അവരുടെ ശക്തി കുറക്കും. ചെന്നൈയിൻ നിരയിൽ പരിക്കേറ്റ ധനപാൽ ഗണേഷിന്റെ സേവനം അവർക്ക് നഷ്ട്ടമാകും. സീസണിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്.
അതെ സമയം ബെംഗളുരുവിനെതിരെ മികച്ച റെക്കോഡാണ് ചെന്നൈയിന് ഉള്ളത്. മൂന്ന് മത്സരങ്ങൾ ഇരുവരും കളിച്ചപ്പോൾ രണ്ടു തവണയും വിജയം ചെന്നൈയിനിന്റെ കൂടെയായിരുന്നു. ഒരു മത്സരം മാത്രമാണ് ബെംഗളൂരു എഫ്.സി ജയിച്ചത്.