പ്രീസീസൺ ടൂറിലെ അവസാന മത്സരത്തിൽ ബാഴ്സലോണ ബിക്കെതിരെ ബെംഗളൂരു എഫ് സിക്ക് പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരു എഫ് സി ഇന്ന് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ ബാഴ്സലോണയുടെ രണ്ടാം ടീമിനെ ഗോൾ രഹിത സമനിലയിൽ പിടിക്കാൻ ബെംഗളൂരുവിന് ഇന്നായി. പക്ഷെ രണ്ടാം പകുതിയിൽ ബാഴ്സ ആക്രമണ മൂർച്ച കൂട്ടിയപ്പോൾ ബെംഗളൂരു വീഴുകയായിരുന്നു.
56ആം മിനുട്ടിലാണ് ബാഴ്സയുടെ ആദ്യ ഗോൾ പിറന്നത്. മോഞ്ചു ആണ് ആദ്യം ഗുർപ്രീതിനെ മികച്ചൊരു ഫിനിനിഷിലൂടെ വീഴ്ത്തിയത്. 6 മിനുട്ടുകൾക്കകം പെരെസ് വഴി ബാഴ്സലോണ രണ്ടാം ഗോളും കണ്ടെത്തി. പെരെസ് തന്നെയാണ് കളിയിലെ മൂന്നാം ഗോളും നേടിയത്. ഈ പരാജയത്തോടെ ബെംഗളൂരു എഫ് സിയുടെ പ്രീസീസൺ യാത്ര അവസാനിച്ചു.
സ്പെയിനിൽ കളിച്ച നാലു മത്സരങ്ങളും ബെംഗളൂരു പരാജയപ്പെടുകയായിരുന്നു. ഇനി എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലാണ് ബെംഗളൂരു എഫ് സിയെ കാത്തിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial