ഐ എസ് എൽ അഞ്ചാം സീസണിൽ ചാമ്പ്യന്മാർക്ക് തോൽവിയോടെ തുടക്കം. കഴിഞ്ഞ ഐ എസ് എൽ ഫൈനലിന്റെ ആവർത്തനം കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു എഫ് സി വിജയിച്ചു. കഴിഞ്ഞ ഫൈനലിലെ പരാജയത്തിന് മറുപടി ആകില്ല എങ്കിലും ബെംഗളൂരുവിന് സന്തോഷം നൽകുന്നതാകും ഈ വിജയം. ബെംഗളൂരു എഫ് സി കഴിഞ്ഞ തവണ ചെന്നൈയിനോട് രണ്ട് തവണ കണ്ടീരവയിൽ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ടിരുന്നു.
ആദ്യ പകുതിയിൽ മികു നേടിയ ഗോളാണ് ബെംഗളൂരുവിന് വിജയം നൽകിയത്. കഴിഞ്ഞ സീസണിൽ കണ്ട ബെംഗളൂരുവിന്റെ താളം ഇന്ന് ബെംഗളൂരു നിരയിൽ കണ്ടില്ല. സീസൺ തുടക്കമായത് കൊണ്ട് തന്നെ അത് ബെംഗളൂരു ആരാധകർ കാര്യമാക്കില്ല. പുതിയ പരിശീലകൻ കാർലസിന് ഐ എസ് എല്ലിൽ വിജയ തുടക്കം ലഭിച്ചതിന്റെ സന്തോഷത്തിലാകും ബെംഗളൂരു ആരാധകർ.
ചെന്നൈയുടെ ആക്രമണങ്ങൾ കൂടുതൽ കണ്ട ആദ്യ പകുതിയിൽ കളിയുടെ ഗതിക്ക് വിപരീതമായാണ് ബെംഗളൂരു ലീഡ് നേടിയത്. 41ആം മിനുട്ടിൽ മികു ആണ് ബെംഗളൂരുവിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. സിസ്കോയുടെ പാസിൽ നിന്നായിരുന്നു മികുവിന്റെ ഫിനിഷ്. കഴിഞ്ഞ സീസണിലും ചെന്നൈയിനെതിരെ മികു ഗോൾ നേടിയിരുന്നു.
കളിയിൽ ഗുർപ്രീത് സിംഗിന്റെ പ്രകടനവും ബെംഗളൂരു ജയത്തിൽ പ്രധാന പങ്കുവഹിച്ചു. ഇഞ്ച്വറി ടൈമിൽ ഗ്രിഗറിൽ നെൽസന്റെ ഷോട്ട് സേവ് ചെയ്തത് അടക്കം മികച്ച ഇടപെടലുകൾ ഗുർപ്രീതിന്റെ ഭാഗത്ത് നിന്ന് ഇന്നുണ്ടായി.