ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കോപ്പലാശാന്റെ സംഘത്തെ ബെംഗളൂരു എഫ്.സി തോൽപ്പിച്ചത്. ഒരു വേള മത്സരത്തിൽ പിറകിൽ നിന്നതിന്ന് ശേഷമാണു രണ്ടു ഗോൾ തിരിച്ചടിച്ച് ബെംഗളൂരു ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കോമൾ തട്ടലിന്റെ ഗോളിൽ എ.ടി.കെയാണ് മത്സരത്തിൽ മുൻപിലെത്തിയത്. എവർട്ടൻ സാന്റോസിന്റെ മനോഹരമായ പാസ് സ്വീകരിച്ചാണ് തട്ടൽ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ മികുവിലൂടെ ബെംഗളൂരു മത്സരത്തിൽ സമനില പിടിച്ചെടുത്തു. ഫ്രീ കിക്കിൽ നിന്ന് ലഭിച്ച പന്ത് മനോഹരമായി മികു എ.ടി.കെ വലയിലെത്തിക്കുകയായിരുന്നു.
ഗോൾ നേടിയതോടെ രണ്ടാം പകുതിയിൽ മികച്ച തുടക്കം ലഭിച്ച ബെംഗളൂരു എറിക് പാർട്ടലുവിലൂടെ മത്സരത്തിൽ ലീഡ് നേടി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ എ.ടി.കെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്താണ് പാർട്ടലു ഗോൾ നേടിയത്. തുടർന്നും ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. പലപ്പോഴും മത്സരം പരുക്കനായതോടെ റഫറിക്ക് പല തവണ മഞ്ഞ കാർഡ് എടുക്കേണ്ടിയും വന്നു.