ആവേശ മത്സരത്തിൽ കണ്ടീരവയിൽ സമനില, ഗോളുമായി 16കാരൻ താരമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കണ്ടീരവയിൽ നടന്ന ആവേശ മത്സരത്തിൽ ബെംഗളൂരുവും ജംഷദ്പൂരും സമനിലയിൽ പിരിഞ്ഞു. 93ആം മിനുട്ടിൽ പിറന്ന ജംഷദ്പൂരിന്റെ സമനില ഗോളാണ് ബെംഗളൂരിവിനെ നിരാശയിലാക്കിയത്. ആവേശത്തിനൊപ്പം ചരിത്രം കൂടെ പിറന്ന മത്സരമായിരുന്നു ഇത്. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ അരങ്ങേറ്റവും ഗോളും ഇന്ന് കണ്ടീരവ സ്റ്റേഡിയം കണ്ടു.

ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ നിഷു കുമാർ നേടിയ ഗോളിൽ ഒരു ഗോളിന്റെ ലീഡിൽ നിൽക്കുകയായിരുന്നു ബെംഗളൂരു എഫ് സി. 71ആം മിനുട്ടിൽ ഗൗരവ് മുഖിയുടെ സബ്ബായുള്ള വരവ് കളി മാറ്റി. 10 മിനുട്ടിനകം മുഖി ഗോൾ കണ്ടെത്തി. ഐ എസ് എൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതൊടെ ഈ യുവ പ്രതിഭ. ആർകസിന്റെ അസിസ്റ്റിൽ ആയിരുന്നു മുഖിയുടെ ഗോൾ.

ജംഷദ്പൂരിന്റെ സമനില ഗോളിന് പെട്ടെന്ന് തന്നെ ബെംഗളൂരുവിന്റെ പ്രതികരണം ഉണ്ടായി. ക്യാപ്റ്റൻ സുനിൽ ഛേത്രി 85ആം മിനുട്ടിൽ ബെംഗളൂരുവിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. ഛേത്രിയുടെ ഈ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. എന്നാൽ ഈ ഗോളും 3 പോയന്റ് ഉറപ്പിച്ച് കൊടുത്തില്ല. ജംഷദ്പൂരിന്റെ പൊരുതലിന് 93ആം മിനുട്ടിൽ ഫലമുണ്ടായി. അവസാന മിനുട്ടിലെ ഗോളിൽ സിഡിഞ്ച ജംഷദ്പൂരിന് അർഹിച്ച സമനില നേടിക്കൊടുത്തു.

ജംഷദ്പൂരിനായി സൂപ്പർ താരം ടിം കാഹിലിന്റെ അരങ്ങേറ്റം കാണാൻ ഇന്ന് കഴിഞ്ഞു. പക്ഷെ കാര്യമായി മത്സരത്തെ സ്വാധീനിക്കാൻ ടിം കാഹിലിന് ആയില്ല.