അവസാന സെക്കന്റിൽ റയലിന് എതിരെ ഗോളി നേടിയ ഗോളിൽ ബെൻഫിക്ക പ്ലെ ഓഫിൽ

Wasim Akram

യുവേഫ ചാമ്പ്യൻസ് ലീഗിൽ അവിശ്വസനീയ രംഗങ്ങൾ. ചാമ്പ്യൻസ് ലീഗിൽ നേരിട്ട് അവസാന പതിനാറിൽ യോഗ്യത നേടാൻ സമനില മാത്രം മതിയായിരുന്ന റയൽ മാഡ്രിഡിനെ 4-2 തോൽപ്പിച്ചു ജോസെ മൊറീന്യോയുടെ ബെൻഫിക്ക ചാമ്പ്യൻസ് ലീഗ് പ്ലെ ഓഫ് സ്പോട്ട് ഉറപ്പിച്ചു. അവസാന സെക്കന്റിൽ ഗോൾ കീപ്പർ അന്റോലി ട്രൂബിൻ ഫെഡ്രിക്കിന്റെ ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ നേടിയ ഗോൾ ആണ് ബെൻഫിക്കയെ ചാമ്പ്യൻസ് ലീഗിൽ തുടരാൻ അനുവദിച്ചത്. ഈ ഗോൾ 25 സ്ഥാനത്തുള്ള അവരെ മാഴ്സെയെ ഗോൾ വ്യത്യാസത്തിൽ മറികടന്നു അവസാന പ്ലെ ഓഫ് സ്പോട്ട് ആയ 24 സ്ഥാനത്തേക്ക് ഉയർത്തി. അതേസമയം ആദ്യ എട്ടിൽ നിന്നു പുറത്തായി ഒമ്പതാം സ്ഥാനത്ത് എത്തിയ റയൽ മാഡ്രിഡും പ്ലെ ഓഫ് കളിക്കണം.

ആവേശകരമായ മത്സരത്തിൽ തന്റെ മുൻ ക്ലബിന് ജോസെ മൊറീന്യോ ഷോക്ക് ട്രീറ്റ്‌മെന്റ് തന്നെ നൽകി. 30 മത്തെ മിനിറ്റിൽ എംബപ്പെയുടെ ഗോളിൽ റയൽ മുന്നിൽ എത്തിയെങ്കിലും 36 മത്തെ മിനിറ്റിൽ ആന്ദ്രസിന്റെ ഗോളിൽ പോർച്ചുഗീസ് ടീം ഒപ്പത്തിനൊപ്പം എത്തി. തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം പെനാൽട്ടി ഗോളിലൂടെ പാവ്ലിഡിസ് അവർക്ക് മുൻതൂക്കവും നൽകി. തുടർന്ന് രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ആന്ദ്രസിലൂടെ ബെൻഫിക്ക മൂന്നാം ഗോളും നേടി. 58 മത്തെ മിനിറ്റിൽ എംബപ്പെ ഒരിക്കൽ കൂടി റയലിന് ആയി ഗോൾ നേടി. എന്നാൽ അവസാന നിമിഷങ്ങളിൽ സമനിലക്ക് ആയുള്ള റയൽ ശ്രമങ്ങൾ നിരാശക്ക് വഴി മാറിയപ്പോൾ റയൽ താരങ്ങളുടെ നിയന്ത്രണവും വിട്ടു. രണ്ടാം മഞ്ഞ കാർഡ് കണ്ടു 92 മത്തെ മിനിറ്റിൽ റൗൾ അസൻസിയോ ആദ്യം പുറത്ത് പോയി. 96 മത്തെ മിനിറ്റിൽ കോർണർ അനുവദിക്കാത്തതിനു ആദ്യ മഞ്ഞ കാർഡ് കണ്ട റോഡ്രിഗോ പ്രതിഷേധം തുടർന്നപ്പോൾ റഫറി അടുത്ത നിമിഷം തന്നെ രണ്ടാം മഞ്ഞ കാർഡും നൽകിയപ്പോൾ റയൽ 9 പേരായി ചുരുങ്ങി. തുടർന്ന് ആണ് 97 മത്തെ മിനിറ്റിൽ ബെൻഫിക്കക്ക് ഒരിക്കലും മറക്കാനാവാത്ത ഗോൾ അവരുടെ ഗോൾ കീപ്പറിലൂടെ പിറന്നത്.