ഇന്ത്യക്കാർ അഗ്രസ്സീവ് അല്ല എന്ന പരാതി പണ്ട് ഉണ്ടായിരുന്നു. ജീവിതത്തിൽ, കച്ചവടത്തിൽ, കളിക്കളത്തിൽ എല്ലാം ഒരു തണുപ്പൻ സമീപനമാണ് നമുക്ക് ഉണ്ടായിരുന്നത്. 90കളിലാണ് ഇതിനു പതിയെ മാറ്റമുണ്ടായത്. എന്തിനു അധികം പറയുന്നു, നമ്മുടെ സർക്കാർ പോലും ആയിടക്കാണ് നമ്മുടെ എക്കൊണമി ഓപ്പൺ ചെയ്യുന്നതിന് നടപടികൾ എടുത്തു തുടങ്ങിയത്. ഇന്ത്യൻ ജനതയുടെ കാഴ്ചപ്പാട് എല്ലാ മേഖലകളിലും അതിനു ശേഷം മാറി തുടങ്ങി.
ഇത് കളിക്കളത്തിലും പ്രതിഫലിച്ചു. അടിക്കു തിരിച്ചടി എന്ന രീതിയിൽ കൊണ്ടാൽ കൊടുത്തിരിക്കും എന്ന് ദാദ ക്രിക്കറ്റ് പിച്ചിലും ഗാലറിയിലും നമുക്ക് കാണിച്ചു തന്നു. പിന്നീട് വന്ന കളിക്കാരുടെ ബോഡി ലാങ്ഗ്വേജ് ശ്രദ്ധിച്ചാൽ ഇത് മനസിലാകും. ധോണി, യുവരാജ്, ഹർഭജൻ, പത്താൻ, സെവാഗ് അങ്ങനെ മിക്കവാറും എല്ലാവരും ഗ്രൗണ്ടിൽ തങ്ങളുടേതായ രീതിയിൽ അഗ്ഗ്രസ്സീവ് ആയിരിന്നു. സേവാഗിനെ പോലുള്ളവർ ബൗണ്ടറിയിലേക്ക് ഷോട്ട് പായിച്ചു പോടാ പോയി പന്തെടുക്കടാ എന്ന് പറയാതെ പറഞ്ഞപ്പോൾ, യുവരാജ് തന്റെ നോട്ടം കൊണ്ടാവും എതിരാളികളുടെ മനസ്സിടിക്കുക.
പറഞ്ഞാൽ തിരിച്ചു പറഞ്ഞിരിക്കും എന്നാണു ബജ്ജിയുടെ രീതി. ധോണി തന്റെ ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ടാണെങ്കിൽ, പിന്നീട് വന്ന വിരാട് ഒരു പവർ ഹൗസ് കളിക്കാരൻ എന്ന നിലക്ക് ഗ്രൗണ്ടിൽ നിറഞ്ഞു നിന്നിരുന്ന ഒരു അഗ്ഗ്രസ്സീവ് കളിക്കാരൻ ആയിരിന്നു. ഒരിക്കൽ ധോണിയോട് ശ്രീശാന്തിന്റെ കളിക്കളത്തിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു, കളിക്കാരന്റെ അഗ്ഗ്രസ്സീവ് ബിഹേവിയർ എതിർ ടീമിനെ ആയിരിക്കണം തളർത്തേണ്ടത്, അത് സ്വന്തം ടീമിന് ദോഷകരമാകരുതു!
IPL 2022 ലെ പുത്തൻ ടീമായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റന്റെ ചെയ്തികൾ കാണുമ്പോൾ ഇതാണ് ഓർമ്മ വരിക. ഹാർദികിനെ ക്യാപ്റ്റൻ ആയി തീരുമാനിച്ചപ്പോൾ പലരും നെറ്റി ചുളിച്ചിരിന്നു. ഒരു ടീമിനെ നയിക്കാനുള്ള ടെംപറമെന്റ് ഒരു വ്യക്തി എന്ന നിലക്ക് ഉണ്ടോ എന്ന് പലരും ചോദിച്ചു. ഏതാണ്ട് 25% കളികൾ കഴിഞ്ഞിരിക്കെ, ടീമിന്റെ പ്രകടനം കൊണ്ട് എല്ലാവരെയും ഗുജറാത്ത് ടൈറ്റൻസ് അത്ഭുതപ്പെടുത്തിയെങ്കിലും, ക്യാപ്റ്റൻ എന്ന നിലക്കുള്ള ഹാർദിക്കിന്റെ പെരുമാറ്റം പലരും പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു.
അഗ്രസ്സിവ് എന്ന ലേബലിൽ കളിക്കളത്തിൽ സ്വന്തം കളിക്കാരോട് പോലും പലപ്പോഴും ക്യാപ്റ്റൻ തട്ടിക്കയറുന്നത് നാം കണ്ടതാണ്. അതിൽ സായിയെ പോലുള്ള പുതിയ കളിക്കാരെന്നോ, ഷമിയെ പോലെ തഴക്കം വന്ന കളിക്കാരെന്നോ ഇല്ല. തന്റെ പ്രതീക്ഷക്കൊത്ത് നടന്നില്ലെങ്കിൽ അവരോടു സംസാരിച്ചു ടീമിന്റെ പ്ലാൻ അനുസരിച്ചുള്ള പ്രകടനം ആവശ്യപ്പെടുന്നതിന് പകരം അവരോടു പൊട്ടിത്തെറിക്കുന്ന രീതിയാണ് കണ്ടത്. ക്രിക്കറ്റ് ഗ്രൗണ്ടിലെ സംസാരങ്ങൾ ലിപ് റീഡിങ് വച്ച് കണ്ടു പിടിക്കാൻ മിടുക്കരായ കാണികൾ, ഹാർദിക് പറയുന്ന അസഭ്യങ്ങൾ തിരിച്ചറിയുന്നുണ്ട്.
ഇത് ഒരു നല്ല ലീഡർ എന്നല്ല ഒരു നല്ല സ്പോർട്സ്മാന് ചേർന്ന പെരുമാറ്റമല്ല. പെരുമാറ്റ ദൂഷ്യത്തിനു പണ്ട് ബിസിസിഐ ബാൻ ചെയ്ത കളിക്കാരനാണ് ഹാർദിക്. സോഷ്യൽ മീഡിയയിലെ നിറം പിടിപ്പിച്ച കഥകൾ മറക്കാം, തേർഡ് പേജിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ കണ്ടില്ലെന്നു വയ്ക്കാം, പക്ഷെ ഒരു കളിക്കാരൻ എന്ന നിലക്ക് ഗ്രൗണ്ടിൽ പെരുമാറേണ്ട ജന്റിൽമാൻ ക്രിക്കറ്റർക്കു പകരം നിലവാരം താഴ്ന്ന ഒരു മനുഷ്യനെ ഈ കളിയും കാണികളും അർഹിക്കുന്നില്ല. കളിയെ സ്നേഹിക്കുന്ന വളർന്നു വരുന്ന വലിയൊരു യുവ സമൂഹം ഇവിടുണ്ട്, ഈ കളി അവർക്കും ഭൂഷണമല്ല.