ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയോട് ബിസിസിഐയ്ക്ക് താല്പര്യമില്ല

Sports Correspondent

ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യത്തോട് മുഖം തിരിച്ച് ഇന്ത്യ. ഇന്ത്യ ഒരു ടെസ്റ്റ് അധികം കളിച്ച് ഇപ്പോളത്തെ സാഹചര്യത്തിലുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സിന്റെ ആവശ്യം. എന്നാല്‍ ഈ അധിക മത്സരം കളിക്കുന്നതില്‍ ബിസിസിഐ ഇതുവരെ പച്ചക്കൊടി വീശിയിട്ടില്ല.

ഈ വര്‍ഷം അവസാനം നടക്കേണ്ട പരമ്പരയുടെ തീരുമാനം ഇത്ര നേരത്തെ എടുക്കാനാകില്ലെന്നാണ് ഒരു ബിസിസിഐ വക്താവ് അറിയിച്ചത്. നിലവില്‍ നാല് ടെസ്റ്റുകള്‍ കളിക്കുമെന്ന് ബോര്‍ഡുകള്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ അഞ്ചാം ടെസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ഇപ്പോളത്തെ സ്ഥിതിയില്‍ നിശ്ചയിച്ച പരമ്പര തന്നെ നടക്കുമോ എന്ന് തീര്‍ച്ചയില്ലെന്നും അതിനാല്‍ തന്നെ അഞ്ചാം ടെസ്റ്റിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.