ജർമ്മൻ ഇതിഹാസം ഒളിവർ കാന്റെ ബയേൺ റെക്കോർഡിനൊപ്പമെത്തി തോമസ് മുള്ളർ. ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വേണ്ടി 260 വിജയങ്ങൾ നേടിയാണ് തോമസ് മുള്ളർ ഒളിവർ കാന്റെ റെക്കോർഡിനൊപ്പമെത്തിയത്. എഫ്സി കൊളോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് പരാജയപ്പെടുത്തിയത്. കളിയിലെ 13ആം മിനുട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആദ്യ ഗോൾ നേടിയതും തോമസ് മുള്ളർ തന്നെയാണ്. ഇനി തോമസ് മുള്ളറിന് മുന്നിൽ ഹാംബർഗിന്റെ മാൽഫ്രഡ് കാൾട്സിന്റെ 290 ബുണ്ടസ് ലീഗ ജയങ്ങൾ എന്ന റെക്കോർഡ് മാത്രമാണുള്ളത്.
ഒരിക്കൽ തകർക്കപ്പെടാനാവത്ത റെക്കോർഡ് എന്ന് കരുതിയ ഈ നേട്ടം മറികടക്കാൻ ബയേണിന്റെ സ്വന്തം മുള്ളറിന് ആകുമെന്നാണ് ആരാധകർ കരുതുന്നത്. യൂറോപ്പ്യൻ ചാമ്പ്യന്മാരായ ഹാൻസി ഫ്ലിക്കിന്റെ ബയേൺ മ്യൂണിക്ക് ടീമിന്റെ അവിഭാജ്യ ഘടകമാണ് മുള്ളർ.10 വർഷത്തിലേറെയായി ബയേണിന്റെ അക്രമണനിരയുടെ ഭാഗമായ മുള്ളർ പ്രകടനത്തിലെ സ്ഥിരത കൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാവുന്നത്. ട്രെബിൾ ജേതാക്കളായ ബയേണിന്റെ “ഫ്ലിക്കി ഫ്ലാക്ക” ഫുട്ബോളിൽ ഒഴിച്ചുകൂടാനാവാത്ത പ്രാധ്യാന്യം മുള്ളറിനുണ്ട്.