ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ഫ്രെയ്‌ബർഗ്

Jyotish

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വമ്പൻ തിരിച്ചടി. കരുത്തരായ ബയേണിനെ സമനിലയിൽ തളച്ചിരിക്കുകയാണ് ഫ്രെയ്‌ബർഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ബയേണിന് വേണ്ടി സെർജ് ഗ്നാബ്രി ഗോളടിച്ചപ്പോൾ ഫ്രെയ്‌ബർഗിന്റെ സമനില ഗോൾ നേടിയത് ലൂക്കസ് ഹോളറാണ്.

ഇന്നത്തെ സമനിലയോടു കൂടി ടേബിൾ ടോപ്പേഴ്‌സായ ബോറടിയ ഡോർട്ട്മുണ്ടും ബയേണും തമ്മിലുള്ള പോയന്റ് നിലയിലെ വ്യത്യാസം നാലായി ഉയർന്നു. ഫ്രെയ്‌ബർഗിന്റെ ചരിത്രത്തിലെ മ്യൂണിക്കിൽ വെച്ചുള്ള ആദ്യ എവേ പോയന്റ് ആണ് ഇന്നത്തേത്. ജർമ്മൻ കപ്പിൽ കിയാലിനോട് പരാജയമേറ്റുവാങ്ങി പുറത്ത് പോയ ഫ്രെയ്‌ബർഗ് ബുണ്ടസ് ലീഗയിൽ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. എൺപതാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. ബവേറിയന്മാരുടെ നിരയിൽ ഇന്ന് ഏറ്റവുംഅപകടകാരിയായ ഗ്നബ്രിയാണ് ബയേണിന് വേണ്ടി ഗോളടിച്ചത്. എൺപതാം മിനുട്ടുവരെ മികച്ച പ്രതിരോധവുമായി കളിച്ച ഫ്രെയ്‌ബർഗ് പിന്നീട ആക്രമിച്ചു കളിയ്ക്കാൻ തുടങ്ങി. ഗന്തറിന്റെ ലോ ക്രോസ്സ് ടാപ്പ് ചെയ്ത ലൂക്കസ് ഹോളർ ഫ്രെയ്‌ബർഗിന്റെ സമനില ഗോൾ നേടി.