ടൂഷലിന് കാര്യങ്ങൾ എളുപ്പമല്ല, ഹോഫൻഹേയിമുമായി സമനില വഴങ്ങി ബയേൺ

Nihal Basheer

പതിമൂന്നാം സ്ഥാനത്തുള്ള ഹോഫൻഹേയിമുമായി സമനില വഴങ്ങി ബയേൺ മ്യൂണിക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഓരോ ഗോൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. ബയേണിനായി പവാർഡ് ഒരിക്കൽ കൂടി വല കുലുക്കിയപ്പോൾ, ഹോഫൻഹേയിമിന്റെ ഗോൾ ക്രാമറിച്ച് ആണ് നേടിയത്. പോയിന്റ് നഷ്ടപ്പെടുത്തിയെങ്കിലും ഡോർമുണ്ട് സ്റ്റുഗർട്ടുമായി സമനിലയിൽ പിരിഞ്ഞതോടെ ബയേൺ ഒന്നാം സ്ഥാനത്ത് രണ്ടു പോയിന്റ് ലീഡ് നിലനിർത്തി.

20230415 210356

സന്ദർശകരുടെ അക്രമണത്തോടെ ആണ് മത്സരം ആരംഭിച്ചത്. എന്നാൽ ബയേൺ ഉടനെ തന്നെ നിയന്ത്രണം ഏറ്റെടുത്തു. അഞ്ചാം മിനിറ്റിൽ കിമ്മിച്ചിന്റെ പാസിൽ നിന്നും പവാർഡിന്റെ ശ്രമം ലക്ഷ്യം കണ്ടില്ല. കാൻസലോയുടെ ശ്രമം കീപ്പർ തടുത്തു. കോമാന്റെ ശ്രമവും ലക്ഷ്യം കാണാതെ പോയി. പിറകെ കോർണറിൽ നിന്നെത്തിയ പന്ത് എതിർ പ്രതിരോധം ക്ലിയർ ചെയ്‌തത് കോമാൻ തിരിച്ചു ബോക്സിലേക്ക് തന്നെ നിലം പറ്റെ നൽകിപ്പോൾ, പവാർഡ് വലയിൽ എത്തിച്ചു. പിന്നീട് മുള്ളറുടെ ഹെഡർ ശ്രമവും ബോസ്‌കിന് പുറത്തു നിന്നുള്ള ഗ്നാബറിയുടെ ശ്രമവും ഫലം കണ്ടില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോമാന്റെ ഷോട്ട് കീപ്പർ സേവ് ചെയ്തു. സാനെയുടെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്നു. ഇതിനിടയിലും സമനില ഗോളിനായി ഹോഫൻഹേയിമിന്റെ ശ്രമങ്ങൾ തുടർന്നു. സ്റ്റില്ലറുടെ ശ്രമം അകന്ന് പോയി. 71ആം മിനിറ്റിൽ സമനില ഗോൾ എത്തി. മികച്ചൊരു ഫ്രീകിക്കിലൂടെ സോമറിന് യാതൊരു അവസരവും നൽകാതെ ക്രാമറിച്ച് ആണ് ഗോൾ കണ്ടെത്തിയത്. രണ്ടു മിനിറ്റിനു ശേഷം പവാർഡ് ബയേണിനായി വല കുലുക്കിയെങ്കിലും വാർ ചെക്കിൽ ഓഫ്‌സൈഡ് വിധിച്ചതോടെ സ്‌കോർ നില തുല്യമായി തുടർന്നു. അവസാന നിമിഷങ്ങളിൽ ബയേൺ തുടർച്ചയായ അക്രമങ്ങൾ നടത്തി. ബോക്സിനുള്ളിൽ നിന്നും ഗ്നാബറിക്ക് ലഭിച്ച സുവർണാവസരം താരം പുറത്തേക്കടിച്ചു. കോർണർ വഴങ്ങി പല മുന്നേറ്റങ്ങകും ഹോഫൻഹെഐഎം തടുത്തത്.