ബാഴ്സലോണയോട് പോലും ദയ കാണിക്കാത്ത ബയേൺ ഇന്ന് ഗോളടിച്ച് ഗോളടിച്ച് വല നിറക്കുന്നതാണ് ജർമ്മനിയിൽ കണ്ടത്. ഇന്ന് ജർമ്മൻ കപ്പിൽ ബ്രെമറിനെ നേരിട്ട ബയേൺ വിജയിച്ചത് ഒന്നും രണ്ടും ഗോളിനല്ല. എതിരില്ലാത്ത 12 ഗോളുകൾക്കാണ്. 1997-98നു ശേഷമുള്ള ജർമ്മൻ കപ്പിലെ ഏറ്റവും വലിയ വിജയം. എവേ ഗ്രൗണ്ടിൽ രണ്ടാം നിരയെ ഇറക്കിയാണ് ബയേൺ ഈ വിജയം നേടിയത് എന്നത് ജർമ്മൻ ടീമിന്റെ കരുത്ത് അറിയിക്കുന്നു. ചൗപ മോടിങ് ആണ് നാലു ഗോളുകളുമായി ഇന്ന് ഹീറോ ആയത്.
നാലു ഗോളുകൾ മാത്രമല്ല ഒപ്പം മൂന്ന് അസിസ്റ്റും താരം സംഭാവന ചെയ്തു. 8, 28, 35, 82 മിനുട്ടുകളിൽ ആയിരുന്നു ചൗപ മോടിങിന്റെ ഗോളുകൾ. മുസിയാല ഇരട്ട ഗോളുകളും ടൊളീസോ, സാർ, കുയിസൻസ്, ടിൽമാൻ, വാർമ് എന്നിവരും ബയേണായി വല കുലുക്കി. 37 ഷോട്ടുകളാണ് ഇന്ന് നഗൽസ്മാന്റെ ടീം തൊടുത്തത്. ലെവൻഡോസ്കി ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല.