ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പിൽ രണ്ടാം പരാജയം. ബാഴ്സലോണ ഇന്ന് സാൻസിരോയിൽ ഇന്റർ മിലാനോട് ആണ് പരാജയം വഴങ്ങിയത്. ഏക ഗോളിനായിരുന്നു ബാഴ്സലോണയുടെ തോൽവി. സീരി എയിൽ മോശം ഫോമിൽ ഉണ്ടായിരുന്ന ഇന്റർ മിലാന് അവരുടെ ആത്മവിശ്വാസം തിരികെ നൽകുന്ന വിജയം ആകും ഇത്.
മത്സരത്തിന്റെ 45ആം മിനുട്ടിൽ ആയിരുന്നു ഇന്റർ മിലാന്റെ ഗോൾ വന്നത്. ഹകൻ ചാഹനഗ്ലുവിന്റെ മികച്ച ഒരു സ്ട്രൈക്ക് ആണ് ഇന്ററിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ബാഴ്സലോണ സമനിലക്ക് വേണ്ടി ഏറെ ശ്രമിച്ചു. 67ആം മിനുട്ടിൽ പെഡ്രിയുടെ ഗോളിലൂടെ ബാഴ്സലോണ സമനില നേടിയെടുത്തു. പക്ഷെ വാർ ഒരു ഹാൻഡ് ബോൾ കാരണം ആ ഗോൾ നിഷേധിച്ചു. പിന്നീട് ആ ഗോളിന് മറുപടി കണ്ടെത്താൻ ബാഴ്സക്ക് ആയില്ല.
നേരത്തെ ബാഴ്സലോണ ബയേണോടും പരാജയപ്പെട്ടിരുന്നു. ഇപ്പോൾ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാാനത്താണ് ബാഴ്സലോണ. ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തും ബയേൺ ഒന്നാമതും നിൽക്കുന്നു.