യുഫേഫ ചാമ്പ്യൻസ് ലീഗിൽ അവിസ്മരണീയ വിജയവുമായി ബാഴ്‌സലോണ. ലിസ്ബണിൽ ബെൻഫിക്കയെ 4 നു എതിരെ 5 ഗോളുകൾക്ക് ആണ് ഗോൾ മഴ കണ്ട മത്സരത്തിൽ ബാഴ്‌സലോണ തോൽപ്പിച്ചത്. ബാഴ്‌സ ഗോളിൽ ചെസ്നിയുടെ പിഴവുകൾ കണ്ട മത്സരത്തിൽ മോശം തുടക്കം ആണ് അവർക്ക് ലഭിച്ചത്. മത്സരം തുടങ്ങി 90 മത്തെ സെക്കന്റിൽ തന്നെ ഇവാഞ്ചലസ് പാവ്ലിഡിസിന്റെ ഗോളിൽ പോർച്ചുഗീസ് ക്ലബ് മുന്നിൽ എത്തി. 13 മത്തെ മിനിറ്റിൽ ബാൾഡയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലെവൻഡോവ്സ്കി ഗോൾ മടക്കി.
22 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളും 30 മത്തെ മിനിറ്റിൽ ചെസ്നി വഴങ്ങിയ പെനാൽട്ടിയും ലക്ഷ്യം കണ്ട ഇവാഞ്ചലസ് ഹാട്രിക്ക് പൂർത്തിയാക്കി ആദ്യ പകുതിയിൽ ബെൻഫിക്കക്ക് 3-1 ന്റെ മുൻതൂക്കം നൽകി. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ഭാഗ്യം ബാഴ്‌സലോണയെ തുണച്ചു. ബെൻഫിക്ക ഗോൾ കീപ്പറുടെ ക്ലിയറസ് റഫീന്യോയുടെ തലയിൽ തട്ടി ഗോൾ ആയതോടെ മത്സരം 3-2 ആയി. നാലു മിനിറ്റിനുള്ളിൽ എന്നാൽ അറാഹുയയുടെ സെൽഫ് ഗോൾ ബാഴ്‌സക്ക് വീണ്ടും തലവേദനയായി. 77 മത്തെ മിനിറ്റിൽ 4-2 നു പിറകിൽ ആയ മത്സരത്തിൽ പിന്നീട് ബാഴ്‌സലോണയുടെ അവിശ്വസനീയ തിരിച്ചു വരവ് ആണ് കാണാൻ ആയത്. 78 മത്തെ മിനിറ്റിൽ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലെവൻഡോവ്സ്കി ഒരു ഗോൾ കൂടി മടക്കി. 86 മത്തെ മിനിറ്റിൽ പെഡ്രിയുടെ ഉഗ്രൻ ക്രോസ് ഹെഡറിലൂടെ ഗോൾ ആക്കി മാറ്റിയ എറിക് ഗാർസിയ ബാഴ്‌സലോണക്ക് വീണ്ടും സമനില സമ്മാനിച്ചു.
89 മത്തെ മിനിറ്റിൽ ഡി മരിയക്ക് ബെൻഫിക്കയെ വിജയത്തിൽ എത്തിക്കാൻ സുവർണ അവസരം ലഭിച്ചെങ്കിലും ചെസ്നി ബാഴ്‌സയുടെ രക്ഷക്ക് എത്തി. ഇഞ്ച്വറി സമയത്തെ 96 മത്തെ മിനിറ്റിൽ പക്ഷെ അവിശ്വസനീയ കാഴ്ചയാണ് കാണാൻ ആയത്. ബാഴ്‌സലോണ ആരാധകർക്ക് സ്വർഗ്ഗം സമ്മാനിച്ചു ഫെറാൻ ടോറസിന്റെ ക്ലിയറൻസിൽ നിന്നു കൗണ്ടർ അറ്റാക്കിൽ നിന്നു വിജയഗോൾ നേടിയ റഫീന്യോ വമ്പൻ ക്ലാസിക്കിൽ ബാഴ്‌സലോണക്ക് വിജയം സമ്മാനിച്ചു. ഗോളിനു എതിരെ പ്രതിഷേധിച്ചതിനു ബെൻഫിക്ക ബെഞ്ചിലെ ആർതറിന് ചുവപ്പ് കാർഡും ലഭിച്ചു. ജയത്തോടെ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ്
പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം അവശേഷിക്കേ 18 പോയിന്റും ആയി അവർ രണ്ടാം സ്ഥാനത്ത് ആണ് അതേസമയം 10 പോയിന്റ് നേടിയ ബെൻഫിക്ക 18 സ്ഥാനത്ത് ആണ്.