ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം ജയവുമായി ബാഴ്‌സലോണ

Wasim Akram

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സീസണിൽ ആദ്യ മത്സരത്തിൽ ഏറ്റ പരാജയത്തിന് ശേഷം തുടർച്ചയായ നാലാം ജയവുമായി ബാഴ്‌സലോണ. ഫ്രഞ്ച് ക്ലബ് ബ്രസ്റ്റിനെ ഇന്ന് സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് അവർ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ടു ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കിയ റോബർട്ട് ലെവൻഡോസ്കി ആണ് ബാഴ്‌സക്ക് മുൻതൂക്കം നൽകിയത്.

ബാഴ്‌സലോണ

തുടർന്ന് ബ്രസ്റ്റ് ബാഴ്‌സ ആക്രമണം ചെറുത്തു നിന്നെങ്കിലും രണ്ടാം പകുതിയിൽ ബാഴ്‌സലോണ ജയം ഉറപ്പിച്ചു. 66 മത്തെ മിനിറ്റിൽ ജെറാർഡ് മാർട്ടിന്റെ പാസിൽ നിന്നു ഡാനി ഓൽമോയും 92 മത്തെ മിനിറ്റിൽ ബാൾഡയുടെ പാസിൽ നിന്നു റോബർട്ട് ലെവൻഡോസ്കിയും ആണ് ബാഴ്‌സ ജയം പൂർത്തിയാക്കിയത്. ബ്രസ്റ്റിന് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പ് ടേബിളിൽ ബാഴ്‌സലോണ രണ്ടാമതും ബ്രസ്റ്റ് ഒമ്പതാമതും ആണ്.