കാമ്പ്നൂവിൽ നാലുവർഷങ്ങൾക്ക് മുമ്പുള്ള ഒരു രാത്രിയിൽ സെർജി റൊബേർട്ടോയുടെ അവസാന നിമിഷ ഗോളിൽ ബാഴ്സലോണ 6-1ന് പി എസ് ജിയെ പരാജയപ്പെടുത്തിയത് ഫുട്ബോൾ ആരാധകരായ ഒരാൾക്കും ഒരുക്കലും മറക്കാൻ ആവില്ല. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവ് ആയിരുന്നു അത്. ആ മത്സരത്തിന് ശേഷം ആദ്യമായി പി എസ് ജിയും ബാഴ്സലോണയും നേർക്കുനേർ വരികയാണ്.
ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം നടക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഒരു കിരീടം നേടിയിട്ട് കാലം കുറെ ആയ ബാഴ്സലോണക്കും ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി അന്വേഷിക്കുന്ന പി എസ് ജിക്കും ഈ മത്സരം പ്രാധാന്യമുള്ളതാണ്. രണ്ട് ടീമുകൾക്കും ഈ സീസൺ ഇതുവരെ അത്ര മികച്ചതല്ല. പി എസ് ജി പുതിയ പരിശീലകൻ പോചടീനോയുടെ കീഴിൽ താളം കണ്ടെത്തി വരുന്നെ ഉള്ളൂ.
പി എസ് ജി നിരയിൽ ഇന്ന് നെയ്മർ ഉണ്ടാവില്ല എന്നതും പ്രശ്നമാണ്. പരിക്കാണ് നെയ്മറിൻ തന്റെ മുൻ ക്ലബിനെതിരെയുള്ള മത്സരം നഷ്ടപ്പെടാൻ കാരണം. നെയ്മർ മാത്രമല്ല ഡി മറിയയും പരിക്ക് കാരണം ഇന്ന് കളത്തിൽ ഉണ്ടാവില്ല. ബാഴ്സലോണക്കും പരിക്ക് പ്രശ്നമാണ്. ഡിഫൻസിലാണ് ബാഴ്സലോണയുടെ പ്രശ്നങ്ങൾ ഉള്ളത്. പികെ കാലങ്ങളായി പരിക്കേറ്റ് പുറത്താണ്. പികെയുടെ അഭാവത്തിൽ നന്നായി കളിച്ചിരുന്ന അറോഹോയും ഇന്ന് കളത്തിൽ ഇല്ല.
എന്നാൽ ലയണൽ മെസ്സി അവസാന മത്സരത്തിൽ ഇരട്ട ഗോളുകളുമായി ഫോമിൽ എത്തിയത് ബാഴ്സലോണക്ക് പ്രതീക്ഷ നൽകുന്നു. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.