ക്യാപ്റ്റനാകുന്നതോടെ ബാബര്‍ അസമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടും – മിസ്ബ ഉള്‍ ഹക്ക്

Sports Correspondent

പാക്കിസ്ഥാന്‍ പുതിയ ഏകദിന നായകനായി നിയമിച്ച ബാബര്‍ അസത്തിന് പുതിയ ചുമതലയുടെ സമ്മര്‍ദ്ദമൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് കോച്ചും മുഖ്യ സെലക്ടറുമായ മിസ്ബ ഉള്‍ ഹക്ക്. പാക്കിസ്ഥാന്റെ ടി20 നായകനായിരുന്ന ബാബര്‍ അതിന് ശേഷം ടെസ്റ്റിലെ പ്രകടനം വലിയ രീതിയില്‍ മെച്ചപ്പെടുത്തിയിരുന്നുവെന്നും ഇത്തരം വെല്ലുവിളികള്‍ താല്പര്യപ്പെടുന്ന വ്യക്തിയാണ് താരമെന്നും മിസ്ബ പറഞ്ഞു.

സമാനമായ രീതിയില്‍ ഏകദിന ക്യാപ്റ്റന്‍സി കൂടി വന്നാലും താരത്തിന് തന്റെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്താനാകുമെന്നും മിസ്ബ വ്യക്തമാക്കി. പാക്കിസ്ഥാനെ അടുത്ത ലോകകപ്പ് കഴിയുന്നത് വരെ നയിക്കുക എന്ന ക്ഷ്യത്തോടെയാണ് ബാബര്‍ അസമിനെ ഏകദിനത്തില്‍ ക്യാപ്റ്റനാക്കിയത്. നിലവില്‍ ടി20 ക്യാപ്റ്റനും ടീമിന്റെ ഒന്നാം നമ്പര്‍ താരവുമായ ബാബറിനെ ഏകദിന നായകനായി ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള ഏറ്റവും മികച്ച സമയം കൂടിയാണ് ഇതെന്നും മിസ്ബ ഉള്‍ ഹക്ക് വ്യക്തമാക്കി.