വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 338 റണ്‍സ്. ഇന്ന് അവിഷ്ക ഫെര്‍ണാണ്ടോ തന്റെ കന്നി ഏകദിന ശതകവും കുശല്‍ പെരേര അര്‍ദ്ധ ശതകവും മറ്റു താരങ്ങളുടെ ചെറുതെങ്കിലും വിലയേറിയ സംഭാവനകളാണ് ടീമിനെ 6 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ അയയ്ക്കപ്പെട്ട ശ്രീലങ്ക കരുതലോടെയുള്ള തുടക്കമാണ് നേടിയത്. അവസാന ഓവറുകളില്‍ നിര്‍ണ്ണായക സംഭാവനകളുമായി ലഹിരു തിരിമന്നേയും അവിഷ്കയ്ക്കൊപ്പം കൂടി. ലഹിരു തിരിമന്നേ 33 പന്തില്‍ നിന്ന് 45 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ആദ്യ പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 49 റണ്‍സ് നേടിയ ഓപ്പണര്‍മാര്‍ പിന്നീട് വേഗത്തില്‍ സ്കോര്‍ ചെയ്യുകയായിരുന്നു. 15.2 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 93 റണ്‍സാണ് ശ്രീലങ്ക നേടിയത്. 32 റണ്‍സ് നേടിയ നായകന്‍ ദിമുത് കരുണാരത്നേയെയാണ് ടീമിന് ആദ്യം നഷ്ടമായത്. അധികം വൈകാതെ കുശല്‍ പെരേരയെ(64) റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായ ടീമിനെ പിന്നെ മുന്നോട്ട് നയിച്ചത് അവിഷ്ക ഫെര്‍ണാണ്ടോ-കുശല്‍ മെന്‍ഡിസ് കൂട്ടുകെട്ടായിരുന്നു.
മൂന്നാം വിക്കറ്റില്‍ 85 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ പിരിച്ചത് മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ ഫാബിയന്‍ അല്ലെന്‍ ആയിരുന്നു. 39 റണ്‍സായിരുന്നു കുശല്‍ മെന്‍ഡിസിന്റെ നേട്ടം. തുടര്‍ന്ന് ആഞ്ചലോ മാത്യൂസും 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി പുറത്തായെങ്കിലും അവിഷ്ക ഫെര്‍ണാണ്ടോ തന്റെ ബാറ്റിംഗ് തുടര്‍ന്നു. നാലാം വിക്കറ്റില്‍ 58 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
അവസാന ഓവറുകളില്‍ ഫെര്‍ണാണ്ടോയ്ക്ക് കൂട്ടായി എത്തിയ ലഹിരു തിരിമന്നേയും അടിച്ച് തകര്‍ത്തപ്പോള്‍ ലങ്ക 50 ഓവറില്‍ 338 റണ്‍സെന്ന വലിയ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 103 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയെ ഫാബിയന്‍ അല്ലെന്‍ പിടിച്ച് പുറത്താകുമ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റില്‍ തിരിമന്നേ-ഫെര്‍ണാണ്ടോ കൂട്ടുകെട്ട് 67 റണ്‍സാണ് നേടിയത്.