എക്സ്ട്രാ ടൈമിൽ ഇറ്റലിക്ക് ജീവൻ, ഓസ്ട്രിയ പൊരുതി കീഴടങ്ങി!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രിയയുടെ പോരാട്ടവീര്യം മറികടന്ന് ഇറ്റലി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് വെംബ്ലിയിൽ നടന്ന എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി വിജയിച്ചത്. ഇറ്റലിയുടെ തുടർച്ചയായ പതിനൊന്നാം വിജയമാണിത്. ഇറ്റലി ജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറി എങ്കിലും ഓസ്ട്രിയ ഇന്ന് നടത്തിയ പോരാട്ടം ഒരോ ഫുട്ബോൾ പ്രേമിയുടെയും ഉള്ളിൽ നിൽക്കും.

ഇറ്റലിക്ക് എളുപ്പത്തിൽ വിജയിക്കാൻ ആകുമെന്നാണ് ഭൂരിഭാഗവും ഇന്നത്തെ മത്സരത്തെ വിലയിരുത്തിയത് എങ്കിലും ഓസ്ട്രിയ ഇറ്റലിക്ക് കനത്ത പോരാട്ടമാണ് തുടക്കം മുതൽ നൽകിയത്. ഇറ്റാലിയൻ അറ്റാക്കുകളെ അച്ചടക്കത്തോടെ നേരിട്ടാണ് ഓസ്ട്രിയ ആദ്യ പകുതി ആരംഭിച്ചത്. ആദ്യ പകുതിയിൽ ഓസ്ട്രിയ ഡിഫൻസ് മറികടന്ന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ഇറ്റലി കഷ്ടപ്പെട്ടു.

എങ്കിലും ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ ഇറ്റലിക്ക് തന്നെയാണ് ലഭിച്ചത്. സ്പിനസോളയുടെയും ബരെലയുടെ ഗോൾ ശ്രമങ്ങൾ വന്നു എങ്കിലും ഓസ്ട്രിയൻ കീപ്പർ ബാച്മാനെ പരീക്ഷിക്കാൻ അവയ്ക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ഇമ്മൊബിലെയുടെ ഷോട്ടായിരുന്നു. 32ആം മിനുട്ടിൽ ഇമ്മൊബിലെ ബോക്സിന് വെളിയിൽ നിന്ന് എടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ വലതു മൂലയിൽ ഇടിച്ച് പുറത്തേക്ക് പോയി.

ആദ്യ പകുതിയിൽ അർണാടോവിചിന്റെ ഒരു ഗോൾ ശ്രമം മാത്രമാണ് ഓസ്ട്രിയയിൽ നിന്ന് ഉണ്ടായത്. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഓസ്ട്രിയക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു. ക്യാപ്റ്റൻ അലാബ എടുത്ത കിക്ക് ഗോൾ പോസ്റ്റിന് തൊട്ടുരുമ്മിയാണ് പുറത്ത് പോയത്. ഓസ്ട്രിയയുടെ ക്ഷമയോടെയുള്ള കളി 64ആം മിനുട്ടിൽ അവർക്ക് ഒരു ഗോൾ നൽകി എങ്കിലും വാർ അവർക്ക് ഒപ്പം നിന്നില്ല. അർണാടോവിചിന്റെ ഹെഡറിലൂടെ ഓസ്ട്രിയ വല കുലുക്കി എങ്കിലും താരം ഓഫ്സൈഡ് ആയിരുന്നു എന്ന് വാർ വിധിച്ചു.

കളി നിയന്ത്രണത്തിലാക്കാൻ വേണ്ടി മാഞ്ചിനി ലോകടെല്ലിയെയും പെസ്സിനയെയും പകരക്കാരായി കളത്തിൽ എത്തിച്ചു. 74ആം മിനുട്ടിൽ ലൈനറിനെ വീഴ്ത്തിയതിന് ഓസ്ട്രിയക്ക് ഒരു പെനാൾട്ടി ലഭിക്കും എന്ന് കരുതിയെങ്കിലും അവിടെയും വാർ ഓഫ്സൈഡ് ആയതിനാൽ പെനാൾട്ടി അനുവദിക്കാനാവില്ല എന്ന് പറഞ്ഞു. കളിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ടീമായി ഓസ്ട്രിയ മാറാൻ തുടങ്ങിയതോടെ വീണ്ടും ഇറ്റലി മാറ്റങ്ങൾ വരുത്തി. കിയേസയും ബെലോട്ടിയും കളത്തിൽ ഇറങ്ങി.

നിശ്ചിത സമയം കഴിഞ്ഞും ഗോൾ കണ്ടെത്താൻ ഇരുടീമുകൾക്കും ആകാത്തതോടെ കളി എക്സ്ട്രാ ടൈമിലേക്ക് കടന്നു. 93ആം മിനുട്ടിൽ കിയേസയുടെ ഒരു ഷോട്ട് അധികം പണിപ്പെടാതെ ഓസ്ട്രിയ കീപ്പർ ബാച്മാൻ ഒതുക്കി. എന്നാൽ തൊട്ടടുത്ത നിമിഷം വീണ്ടും കിയേസ ഓസ്ട്രിയൻ പെനാൾട്ടി ബോക്സിൽ ഭീഷണിയുമായി എത്തി. ഇത്തവണ താരം വല കണ്ടെത്തി.

സ്പിനസോളയുടെ പാസ് തലകൊണ്ട് നിയന്ത്രിച്ച് തന്റെ ഇടം കാലു കൊണ്ട് സുന്ദരമായി വലയിൽ എത്തിക്കുക ആയിരുന്നു യുവന്റസ് താരം കിയേസ. ഈ ഗോൾ ഇറ്റലിക്ക് ശ്വാസം തിരികെ നൽകി എന്ന് പറയാം. കിയേസക്ക് പിന്നാലെ മാഞ്ചിനി മറ്റൊരു സബ്ബും കൂടെ വല കണ്ടെത്തി. പെസ്സിനയാണ് 105ആം മിനുട്ടിൽ ഓസ്ട്രിയൻ വലയിൽ പന്തെത്തിച്ചത്. ഇതോടെ ഇറ്റലി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

എങ്കിലും ഓസ്ട്രിയ പൊരുതി നോക്കി. 107ആം മിനുട്ടിലെ ഷവുബിന്റെ ഷോട്ട് ഡൊണ്ണരുമ്മ ഡൈവ് ചെയ്ത് അകറ്റിയത് ഇറ്റലിയുടെ ക്ലീൻ ഷീറ്റ് ഉറപ്പിച്ചെന്ന് കരുതി. എന്നാൽ 114ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കലാസിച് ചെയ്ത ഹെഡർ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി. ഇറ്റലി കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം വഴങ്ങുന്ന ആദ്യത്തെ ഗോളായിരുന്നു ഇത്. അവസാന നിമിഷങ്ങളിൽ പതറി എങ്കിലും ഇറ്റലി വിജയം ഉറപ്പിച്ചു.

ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെയോ പോർച്ചുഗലിനെയോ ആകും ഇറ്റലി നേരിടുക.