ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ന് മുന്നോടിയായി ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. ഓൾറൗണ്ടർ ഗ്രേസ് ഹാരിസ് കാൽവണ്ണയിലെ പരിക്ക് കാരണം ലോകകപ്പിൽ നിന്ന് പുറത്തായി. ഡൽഹിയിൽ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഹിപ് മസിലുകൾക്ക് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അന്നബെൽ സതർലാൻഡിന് പകരക്കാരിയായി ഇറങ്ങിയതായിരുന്നു ഹാരിസ്.

സെപ്റ്റംബർ 30-ന് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ലോകകപ്പിൽ ആദ്യമായി കളിക്കാനിരുന്ന ഹാരിസിന്റെ സ്വപ്നങ്ങളാണ് ഈ പരിക്ക് തകർത്തത്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന താരത്തിന്റെ പരിക്ക് ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിരയ്ക്ക് വലിയ തിരിച്ചടിയാണ്. പകരക്കാരിയായി ടീമിലേക്ക് എത്തിയത് ഹെതർ ഗ്രഹാമാണ്. അടുത്തിടെ നടന്ന ഇംഗ്ലീഷ് ലീഗുകളിൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയ താരമാണ് ഗ്രഹാം.
ഫോം ഔട്ടും പരിക്കുകളും കാരണം ടീം പ്രതിസന്ധിയിലായിരിക്കെയാണ് ഗ്രഹാമിന്റെ വരവ്. ഫോബി ലിച്ച്ഫീൽഡ്, ഡാർസി ബ്രൗൺ, സോഫി മോളിനക്സ് തുടങ്ങിയ താരങ്ങളും ഫിറ്റ്നസ് പ്രശ്നങ്ങളിലായതിനാൽ ഗ്രഹാമിന്റെ സാന്നിധ്യം ടീമിന് ആശ്വാസം നൽകും.