ഓസീസ് ക്രിക്കറ്റിന്റെ പ്രതാപ കാലത്തേക്ക് മടങ്ങുവാനുള്ള അവസരം കളിയിലൂടെ ടീം ഓസ്ട്രേലിയ കൈവിട്ടിട്ട് ഏറെ നാളായി. ടീമിനു മേല്‍ പന്ത് ചുരണ്ടല്‍ വിവാദം കൂടി വന്ന് പതിച്ചപ്പോള്‍ ടീം ഏറെ ദയനീയമായ അവസ്ഥയിലൂടെ കടന്ന് പോകുകയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ടീമിനെ പരാജയങ്ങള്‍ വിടാതെ പിന്തുടരന്നത് സ്ഥിരം കാഴ്ചയായി മാറിയിരുന്നു. ഏറ്റവും അവസാനം ഏഷ്യയില്‍ നിന്നുള്ളൊരു ടീം ആദ്യമായി ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നതും ഓസീസ് ആരാധകര്‍ കാണേണ്ടി വന്നു. വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇതോടെ പഴയ പ്രതാപത്തിലേക്ക് തിരികെ മടങ്ങുവാന്‍ ഓസ്ട്രേലിയ പുതിയ ഒരു നയമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ജഴ്സ് 1980കളില്‍ ഓസ്ട്രേലിയന്‍ ടീം ഉപയോഗിച്ച ജഴ്സിയ്ക്ക് സമാനമായി പുറത്തിറക്കിയാണ് ഓസ്ട്രേലിയ രൂപത്തില്‍ മാറി എത്തുന്നത്. അലന്‍ ബോര്‍ഡറും സംഘവും ഇന്ത്യയ്ക്കെതിരെ 1986ല്‍ കളിച്ചപ്പോളും അണിഞ്ഞിരുന്നത് ഈ സ്വര്‍ണ്ണ നിറവും പച്ചയും ചേര്‍ന്ന ജഴ്സിയായിരുന്നു.