വനിതാ ടി20 ലോകകപ്പിന്റെ സെമിയിൽ ഓസ്‌ട്രേലിയയെ നേരിടുകയാണെങ്കിൽ 100 ശതമാനം നൽകാനും ക്രിക്കറ്റ് ആസ്വദിക്കാനും ശ്രമിക്കും എന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഗ്രൂപ്പ് 2ൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, ഗ്രൂപ്പ് 1 ജേതാക്കളായ ഓസ്‌ട്രേലിയയെ ആകും മിക്കവാറും സെമിയിൽ നേരിടുക. ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചില്ല എങ്കിൽ മാത്രമെ ഇന്ത്യക്ക് ഓസ്ട്രേലിയയെ ഒഴിവാക്കാൻ ആകൂ.
2017-ലാണ് ഇന്ത്യ അവസാനമായി ഒരു ലോകകപ്പിന്റെ സെമിയിൽ ഓസ്‌ട്രേലിയയെ കളിച്ചത്. അന്ന് ഏകദിനത്തിൽ ഹർമൻപ്രീതിന്റെ 171 നോട്ടൗട്ടിന്റെ ബലത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ പുറത്താക്കിയിരുന്നു. എന്നാൽ സമീപകാല ടി20കളിൽ ഫലങ്ങൾ എല്ലാം ഓസ്ട്രേലിയക്ക് അനുകൂലമാണ്.
“ഞങ്ങൾ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുമ്പോഴെല്ലാം എപ്പോഴും കളി ആസ്വദിക്കാറുണ്ട്, സെമിയിലോ മറ്റേതെങ്കിലും ടൂർണമെന്റിലോ ഞങ്ങൾ അവർക്കെതിരെ കളിക്കുന്ന സമയത്ത് എല്ലാം, ഞങ്ങൾ എല്ലായ്പ്പോഴും 100 ശതമാനം നൽകാൻ ആഗ്രഹിക്കാറുണ്ട്. ഹർമൻപ്രീത് പറഞ്ഞു.
“ഓസ്‌ട്രേലിയയ്‌ക്കെതിരെ നിങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ, നിങ്ങൾക്ക് നല്ല ആത്മവിശ്വാസം ലഭിക്കും. രണ്ട് ടീമുകൾക്കും ഇത് വളരെ നിർണായകമായ മത്സരമായിരിക്കും.” ക്യാപ്റ്റൻ പറഞ്ഞു.