ആദ്യ വനിതാ ടി20 ലോകകപ്പ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങിയ ഇന്ത്യക്ക് വമ്പൻ തോൽവി. ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയെ 85 റൺസിന് തോൽപ്പിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് എടുത്തത്. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 99 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിച്ചതിനുള്ള പ്രതികാരം കൂടിയായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഫൈനൽ പോരാട്ടം.
39 പന്തിൽ 75 റൺസ് എടുത്ത ഹീലിയും 54 പന്തിൽ പുറത്താവാതെ 78 റൺസ് എടുത്ത മൂണിയും ചേർന്ന് മികച്ച സ്കോറാണ് ഓസ്ട്രേലിയക്ക് നേടിക്കൊടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ മുൻ നിര ബാറ്റ്സ്മാൻമാർ തകർന്നടിഞ്ഞപ്പോൾ 33 റൺസ് എടുത്ത ദീപ്തി ശർമ്മയാണ് കുറച്ചെങ്കിലും പൊരുതി നോക്കിയത്.