7 വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലറെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. മേക്ക്-എ-വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷന്റെ നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. ഹൃദയ വാല്‍വിനു തകരാറുള്ള ആര്‍ച്ചി ഇപ്പോള്‍ തന്നെ ഒട്ടനവധി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. മത്സരത്തില്‍ ടിം പെയിനിനൊപ്പം സഹ ക്യാപ്റ്റനായും ആര്‍ച്ചി ഷില്ലറെ നിയമിച്ചിട്ടുണ്ട്.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാകുകയെന്നാണ് തന്റെ ആഗ്രഹമെന്ന് വളരെ മുമ്പ് ആര്‍ച്ചി തന്റെ അച്ഛനോട് പറഞ്ഞിരുന്നു. ആര്‍ച്ചിയുടെ സ്ഥിതി അറിഞ്ഞ ഫൗണ്ടേഷന്‍ കുട്ടിയുടെ ആഗ്രഹത്തിനു വേണ്ടി സാധ്യമായതെന്തെന്ന് ആരായുകയും അതിനു വേണ്ടി ശ്രമിക്കുകയും ആയിരുന്നു.
ഓസ്ട്രേലിയയുടെ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ആണ് ആര്‍ച്ചിയെ ഈ വിവരം അറിയിച്ചത്. അഡിലെയ്ഡ് ഓവലില്‍ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ആര്‍ച്ചി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുട്ടിയുടെ ജീവിതത്തില്‍ ചില സന്തോഷ നിമിഷങ്ങള്‍ സൃഷ്ടിക്കുവാനുള്ള തങ്ങളുടെ എളിയ ശ്രമമാണെന്നാണ് ഈ നീക്കത്തെ ഓസ്ട്രേലിയന്‍ കോച്ച് വിശേഷിപ്പിച്ചത്.