യുഫേഫ ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകുസനെ 2-1 വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്. 15 പോയിന്റുകൾ നേടിയ അവർ മൂന്നാമത് എത്തിയപ്പോൾ 13 പോയിന്റ് ഉള്ള ലെവർകുസൻ ആറാം സ്ഥാനത്തേക്ക് വീണു. 25 മത്തെ മിനിറ്റിൽ പാബ്ലോ റിവാസിന് ചുവപ്പ് കാർഡ് ലഭിച്ചിട്ടും ജയം പിടിച്ചെടുക്കുന്ന സിമിയോണിയുടെ ടീമിനെ ആണ് മാഡ്രിഡിൽ കണ്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഹിൻകാപിയിലൂടെ ജർമ്മൻ ക്ലബ് മത്സരത്തിൽ മുൻതൂക്കം പിടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള അർജന്റീനൻ താരം യൂലിയൻ ആൽവരസ് ഗോളുമായി അത്ലറ്റികോക്ക് സമനില സമ്മാനിച്ചു.
മത്സരത്തിൽ 76 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ഹിൻകാപി പുറത്ത് പോയതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി. തുടർന്ന് വിജയഗോളിന് ആയി ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ 90 മത്തെ മിനിറ്റിൽ ഏഞ്ചൽ കൊറെയയുടെ പാസിൽ നിന്ന് ഗോൾ നേടിയ ആൽവരസ് അത്ലറ്റികോ തിരിച്ചു വരവ് പൂർത്തിയാക്കി അവർക്ക് ജയം സമ്മാനിച്ചു. അതേസമയം ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് ക്ലബ് മൊണാകോ വീഴ്ത്തി. എട്ടാം മിനിറ്റിൽ വിൽഫ്രയിഡ് സിങ്കോ ആണ് ഫ്രഞ്ച് ക്ലബിന് വിജയഗോൾ സമ്മാനിച്ചത്. നിലവിൽ ഇരു ടീമുകൾക്കും 13 പോയിന്റുകൾ വീതം ആണ് ഉള്ളത്. വില്ല എട്ടാം സ്ഥാനത്തും മൊണാകോ പത്താം സ്ഥാനത്തും ആണ് ഗ്രൂപ്പിൽ നിലവിൽ.