മോഹൻ ബഗാൻ ആരാധകർ നീണ്ടകാലമായുള്ള പ്രതിഷേധം ഫലം കാണുകയാണ്. എ ടി കെ മോഹൻ ബഗാൻ എന്ന ടീം പേരു മാറ്റി മോഹൻ ബഗാൻ എന്ന് മാത്രമാക്കണം എന്ന് ക്ലബ് മാനേജ്മെന്റ് അംഗീകരിക്കും എന്നാണ് സൂചനകൾ. ഇപ്പോൾ ഉള്ള എ ടി കെ മോഹൻ ബഗാൻ എന്ന പേര് മാറി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്ന് ടീമിന്റെ പേര് മാറ്റാൻ ആണ് ക്ലബ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനം വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പുതിയ ഐ എസ് എൽ സീസണ് മുമ്പ് ഈ പേരിലേക്ക് ക്ലബ് റീബ്രാൻഡ് ചെയ്യപ്പെടും. മോഹൻ ബഗാൻ എസ് ജി എന്നാകും ക്ലബ് അറിയപ്പെടുക. ആരാധകർ ഈ നാമകരണത്തിൽ തൃപ്തരാണ് എന്നാണ് സൂചനകൾ. എ ടി കെ കൊൽക്കത്തയും മോഹൻ ബഗാനും മെർജ് ചെയ്ത് ഒന്നാക്കിയത് മുതൽ ആരാധകർ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു.
തുടക്കത്തിൽ ക്ലബിന്റെ ജേഴ്സിയും ലോഗോയും പ്രശ്നമായപ്പോൾ മോഹൻ ബഗാൻ ആരാധകർ പ്രതിഷേധിക്കുകയും സമ്മർദ്ദം കാരണം ആരാധകർക്ക് മുന്നിൽ മാനേജ്മെന്റ് മുട്ടുമടക്കേണ്ടതായും വന്നിരുന്നു. ഇപ്പോൾ വീണ്ടും ആരാധകർ മാനേജ്മെന്റിനു മുന്നിൽ വിജയിക്കുകയാണ്.
മൂന്ന് വർഷം മുമ്പായിരുന്നു വലിയ ഡീലിൽ മോഹൻ ബഗാൻ എ ടി കെ കൊൽക്കത്തയും ലയിച്ചത്. ഈ ലയനത്തോടെയാണ് പേര് എ ടി കെ മോഹൻ ബഗാൻ എന്നായത്. ഈ ലയനം മോഹൻ ബഗാൻ ആരാധകരോടുള്ള ചതിയണെന്നും പഴയ പേരിലേക്ക് മടങ്ങി ക്ലബിന്റെ ഐഡിന്റിറ്റി തിരിച്ചെടുക്കണം എന്നുമായിരുന്നു ക്ലബ് ആരാധകർ പറഞ്ഞിരുന്നത്.
ഇതിഹാസ ക്ലബായ മോഹൻ ബഗാന്റെ ആരാധകർ ഐ എസ് എൽ ബഹിഷ്കരണം ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി വരുന്നുണ്ടായിരുന്നു. രാജ്യത്തെ വലിയ ആരാധക കൂട്ടായ്മകളിൽ ഒന്നാണ് മോഹൻ ബഗാന്റെ ആരാധകർ.